ബസ് ഓടിക്കുന്നത് ശരിയല്ലേ? തെളിവോടെ പരാതി നൽകാം
തിരുവനന്തപുരം:ട്രാൻസ്പോർട്ട് ബസുകളിലെ ഡ്രൈവിംഗിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ വീഡിയോ തെളിവു സഹിതം മോട്ടോർ വാഹനവകുപ്പിന് പരാതി നൽകാം.പരാതി നൽകാനുള്ള വാട്സ്ആപ്പ് നമ്പർ ബസുകളിൽ ഡ്രൈവറുടെ സീറ്റിനു പുറകിൽ മോട്ടോർ വാഹനവകുപ്പ് പതിച്ചു തുടങ്ങി.അതാത് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നമ്പരും വാഹന ഉടമയുടെയും നമ്പരുമാണ് പതിക്കുന്നത്.ഡ്രൈവിംഗിൽ പുലർത്തേണ്ട ജാഗ്രത മുൻനിർത്തിയാണ് മോട്ടോർ വാഹനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.അശ്രദ്ധമായും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനമോടിക്കൽ, മത്സര ഓട്ടം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടതോടെയാണിത്.നിലവിൽ ബസുകൾ വാർഷിക പരിശോധനയ്ക്ക് ഹാജരാക്കുന്ന വേളയിലാണ് മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം സ്റ്റിക്കർ പതിക്കലും നിർബന്ധമാക്കിയിരിക്കുന്നത്.സ്റ്റിക്കറിൽ പറഞ്ഞ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നമ്പറിലേക്ക് വാട്സാപ്പ് വഴി വീഡിയോയായും പരാതി സ്വീകരിക്കും.കെ.എസ്.ആർ.ടി.സി ബസുകളിൽ കോർപറേഷൻ വിജിലൻസ് വിഭാഗത്തിന്റെ വാട്സആപ്പ് നമ്പർ ബസിനു പുറകിൽ പതിച്ചിട്ടുണ്ട്.