പാലത്തിന്റെ നിർമ്മാണ സാമഗ്രികൾ പള്ളിയോടങ്ങൾക്ക് ഭീഷണി
കോഴഞ്ചേരി : ആറന്മുളയിൽ എത്തുന്ന പള്ളിയോടങ്ങൾക്ക് കെണിയൊരുക്കി പമ്പാനദിയിൽ കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണാവശിഷ്ടങ്ങളും സാമഗ്രികളും. കിഴക്കൻ മേഖലയിൽ നിന്ന് എത്തുന്ന 15 പള്ളിയോടങ്ങൾക്കാണ് ഭീഷണി. കോഴഞ്ചേരി പഴയ പാലത്തിന് തൊട്ടു താഴെയായി പണിയുന്ന സമാന്തര പാലത്തിന്റെ നിർമാണത്തിനുപയോഗിച്ചിരുന്ന ഇരുമ്പു ഗർഡറുകളും കരിങ്കൽകെട്ടും നദിക്കു കുറുകെയാണുള്ളത്. മാരാമൺ കൺവെൻഷൻ നഗർ സംരക്ഷണത്തിനായി നിർമ്മിച്ച സംരക്ഷണ ഭിത്തിയും നദിയിൽ നിലകൊള്ളുന്നതിനാൽ ഈ ഭാഗത്ത് ഒഴുക്ക് കൂടുതലാണ്. പഴയ പാലത്തിന്റെ തൂണുകളിൽ തട്ടാതെ ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ പള്ളിയോടങ്ങൾക്ക് അപകടമുണ്ടാവാനുള്ള സാദ്ധ്യതയും ഏറുന്നു. നദിയുടെ വലത് ഭാഗത്തായി കരയോട് ചേർന്നുള്ള ഭാഗത്തുകൂടി മാത്രമേ പള്ളിയോടങ്ങൾക്ക് കടന്നുപോകാൻ കഴിയുകയുള്ളൂ. ഇവിടെ നദിയുടെ വളവും അപകട ഭീഷണി ഉയർത്തുന്നു. അമര പൊക്കമുള്ള എ ബാച്ച് പള്ളിയോടങ്ങൾ ഇവിടം കടന്നുപോകുക ശ്രമകരമാണ്. അപകട സാധ്യത ചൂണ്ടിക്കാണിച്ചുവെങ്കിലും നിർമ്മാണ സാമഗ്രികൾ മാറ്റി പള്ളിയോടങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം ഒരുക്കുന്നതിന്ന് പകരം ഇരുതൂണുകൾക്കിടയിൽ അപകട സാദ്ധ്യത സൂചിപ്പിക്കാൻ ചുവന്ന റിബൺ തൂക്കുക മാത്രമാണ് അധികൃതർ ചെയ്തിരിക്കുന്നത്.