ലൈഫ് മിഷൻ ജപ്തി : പ്രഹ്ളാദന്റെ കുടുംബത്തെ ഒഴിപ്പിക്കില്ല

Wednesday 16 July 2025 12:02 AM IST

പത്തനംതിട്ട : കൊറ്റനാട് പഞ്ചായത്തിൽ മഠത്തുംചാൽ കൊച്ചുകളളിക്കൽ കെ.സി.പ്രഹ്ളാദന് ലൈഫ് മിഷനിൽ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്ത വിഷയത്തിൽ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. വസ്തുവിന്റെ മുൻ ഉടമ വിജയകുമാറിന്റെ ശേഷിക്കുന്ന 12 സെന്റ് സ്ഥലം വിറ്റ് മുഴുവൻ തുകയും ഈടാക്കാൻ കേരള ബാങ്കിന് നിർദ്ദേശം നൽകി. തട്ടിപ്പ് നടത്തിയതിന് വിജയകുമാറിനെതിരെ പൊലീസ് കേസുമായി മുന്നോട്ടു പോകാൻ ബാങ്കിന് നിർദേശം നൽകി.

വായ്പ എടുത്തിട്ടുണ്ടെന്നത് മറച്ചുവച്ചാണ് മുൻ ഉടമ വിജയകുമാർ മൂന്ന് സെന്റ് വസ്തു മൂന്നുലക്ഷം രൂപയ്ക്ക് പ്രഹ്ളാദന് വിറ്റത്. ഇതു സംബന്ധിച്ച് പ്രഹ്ളാദന് അറിവുണ്ടായിരുന്നില്ല. വിജയകുമാർ 2017 മാർച്ചിൽ 15 സെന്റ് സ്ഥലം കേരള ബാങ്കിൽ പണയത്തിന് മൂന്ന്ലക്ഷം രൂപ എടുത്തിരുന്നു. തവണ മുടങ്ങിയപ്പോൾ ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിരുന്നു. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോയതെന്നും ജില്ലാ കളക്ടർ പറഞ്ഞു.