പട്ടിക വിഭാഗങ്ങൾക്കെതിരെ വിവേചനം തുടരുന്നു : ഹൈക്കോടതി

Wednesday 16 July 2025 12:10 AM IST

കൊച്ചി: ഭരണഘടനയിലും നിയമങ്ങളിലും സംരക്ഷണ വ്യവസ്ഥകളുണ്ടായിട്ടും പട്ടിക വിഭാഗങ്ങൾക്കെതിരായ വിവേചനവും ബഹിഷ്‌കരണവും തുടച്ചു നീക്കാനായിട്ടില്ലെന്ന് ഹൈക്കോടതി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരെ അപമാനിച്ചെന്നോ ഭീഷണിപ്പെടുത്തിയെന്നോയുള്ള പരാതിയിൽ തീരുമാനമെടുക്കുമ്പോൾ സാഹചര്യവും പശ്ചാത്തലവും മുഖ്യമാണെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.

പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം വെള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ തലയോലപ്പറമ്പ് കീഴൂർ ഡി.ബി കോളേജ് പ്രിൻസിപ്പൽ ഡോ.സി.എം. കുസുമൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സഹപ്രവർത്തകനെ ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്നാണ് ആരോപണം. കോട്ടയം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസ്. 'മിനി വിചാരണ"യും, രേഖകളുടെ സൂക്ഷ്മ പരിശോധനയും നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ചരിത്രം

മറക്കരുത് ഹർജിക്കാരൻ നടത്തിയ പരാമർശം ജാതിയുടെ പേരിൽ പരാതിക്കാരനെ അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ലക്ഷ്യമിട്ടുള്ളതാണോയെന്നാണ് പരിശോധിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ഇക്കാര്യം തീരുമാനിക്കുമ്പോൾ, നൂറ്റാണ്ട് പഴക്കമുള്ള ജാതി വ്യവസ്ഥയിൽ വേരൂന്നിയ അക്രമവും തൊട്ടുകൂടായ്മയും പുറന്തള്ളലും അപമാനവും ഇന്ത്യയിലെ പട്ടിക വിഭാഗങ്ങൾ നേരിട്ടിട്ടുണ്ടെന്നതു മറക്കരുത്. പ്രകൃതി വിഭവങ്ങളും ഭൂമിയും വിദ്യാഭ്യാസവും ഉൾപ്പെടെ അവർക്കു നിഷേധിക്കപ്പെട്ടു. അനുഭവിച്ചവർക്കേ അതിന്റെ വേദന മനസ്സിലാകൂ - കോടതി പറഞ്ഞു.