ചാർജ്ജ് ഔട്ടായി പൊന്നാനി കെ. എസ്. ഇ. ബി.ചാർജിംഗ് സ്റ്റേഷൻ
പൊന്നാനി : കെ.എസ്.ഇ. ബി. സബ്സ്റ്റേഷന് സമീപത്തെ ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന രഹിതം. കേടായിക്കിടക്കുന്ന വിവരം യാത്രക്കാർ അറിയിക്കാറുണ്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.ഒരേ സമയം ആറ് കാറുകൾക്ക്ചാർജ്ജ് ചെയ്യാനുള്ള സൗകര്യമാണ് കെ.എസ്.ഇ.ബിയുടെ ചാർജ്ജിംഗ് സ്റ്റേഷനിലുള്ളത്. ഇത് പ്രവർത്തിക്കാത്തതിനാൽ സ്വകാര്യ ചാർജ്ജിങ് യൂണിറ്റുകളെ ആശ്രയിക്കുകയേ യാത്രക്കാർക്ക് വഴിയുള്ളൂ. സ്വകാര്യ യൂണിറ്റുകളിലാണെങ്കിൽ തിരക്കേറെയുമാണ്. പൊന്നാനി കഴിഞ്ഞാൽ മലപ്പുറം മുണ്ടുപറമ്പിലാണ് മറ്റൊരു കെ.എസ്.ഇ.ബി ചാർജ്ജിംഗ് യൂണിറ്റുള്ളത്. നിലവിൽ ദിവസേന ഒട്ടനവധി യാത്രക്കാർ പൊന്നാനി വഴി കോഴിക്കോട് എറണാകുളം ഭാഗത്തേയ്ക്ക്പോകുന്നുണ്ട്. ഇവരെല്ലാം പൊന്നാനിയിലെ കെ.എസ്.ഇ. ബിയുടെ ചാർജ്ജിംഗ് യൂണിറ്റിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. ഓരോ 20 കിലോമീറ്റർ ദൂരത്തിലും ചാർജ്ജിങ് യൂണിറ്റ് വരുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും കെ. എസ്. ഇ. ബി. അധികൃതരുടെ മൂക്കിന് താഴെയുള്ള ചാർജ്ജിംഗ് യൂണിറ്റിലെ കേടുപാടുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
കെ.എസ്.ഇ.ബി ചാർജ്ജിംഗ് സ്റ്റേഷനിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെ സൗരമണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടി.ഒ.ഡി രീതിയിലാണ് നിലവിൽ നിരക്കുകൾ.
സൗര മണിക്കൂറിൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ വാഹനങ്ങൾ ചാർജ്ജ് ചെയ്യാം.
വൈകിട്ട് നാലു മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം അധിക നിരക്കായിരിക്കും ഈടാക്കുക.
പകൽ സമയം സൗരോർജ്ജ വൈദ്യുതികൂടി പ്രയോജനപ്പെടുത്താനാകുന്നതിന്റെ അനുകൂല്യം വാഹന ഉടമകൾക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന വൈദുതി റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.
പകൽ മെച്ചം ചാർജ്ജിംഗിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപ.സൗരമണിക്കൂറിൽ അഞ്ച് രൂപ. സൗരേതരസമയം 9.30 രൂപയും
ഇതോടൊപ്പം ഡ്യൂട്ടിയും സർവീസ് ചാർജ്ജും ജി.എസ്.ടിയും നൽകണം.