നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്‌ക്കൽ: നിർണായക ഇടപെടലുമായി കേന്ദ്രവും കാന്തപുരവും
ന്യൂഡൽഹി / കോഴിക്കോട്: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിന്റെയും ഇടപെടൽ നിർണായകമായി. കഴിഞ്ഞദിവസം സുപ്രീംകോടതിയിലെ കേസിനു ശേഷവും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സനയിലെ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും ആശയവിനിമയം നടത്തിയിരുന്നു. നിമിഷയുടെ കുടുംബത്തിന്, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായി ചർച്ചയ്‌ക്ക് സമയം അനുവദിക്കണമെന്ന് നിരന്തരം അഭ്യർത്ഥിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലായതിനാൽ നയതന്ത്ര തലത്തിലെ ഇടപെടലിന് കേന്ദ്രത്തിന് പരിമിതികളുണ്ടായിരുന്നു. സാദ്ധ്യമായതെല്ലാം ചെയ്യുന്നതിനിടെയാണ് ആശ്വാസ തീരുമാനമെത്തിയത്. വധശിക്ഷ നീട്ടിവച്ച് ഉത്തരവിറങ്ങിയ വിവരം യെമൻ അധികൃതർ ഇന്ത്യയെ അറിയിക്കുകയും ചെയ്‌തു. ഹൂതികളുമായി മികച്ച ബന്ധം പുലർത്തുന്ന ഇറാന്റെ ഇടപെടലും ഒരുഘട്ടത്തിൽ ഇന്ത്യ തേടിയെന്നാണ് അനൗദ്യോഗിക വിവരം. സുപ്രീംകോടതി വെള്ളിയാഴ്ച വിഷയം പരിഗണിക്കുമ്പോൾ വധശിക്ഷ നീട്ടിവച്ച കാര്യം അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അറിയിക്കും.
എത്ര പണം വേണമെങ്കിലും നൽകാമെന്ന് യൂസഫലി
ചാണ്ടി ഉമ്മൻ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് ഗവർണർ വി.ആർ. ആർലേക്കർ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. പ്രവാസി വ്യവസായി എം.എ. യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നൽകാമെന്ന് യൂസഫലി ഗവർണറെ അറിയിച്ചെന്നാണ് സൂചന. തലാലിന്റെ കുടുംബം നിശ്ചയിക്കുന്ന തുക നൽകിയാൽ വധശിക്ഷ ഒഴിവാക്കാം. മുഴുവൻ കുടുംബാംഗങ്ങളും സമ്മതിക്കാത്തതാണ് തീരുമാനം നീളാൻ കാരണമെന്നാണ് സൂചന.
നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവച്ചത് ആശ്വാസകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. കാന്തപുരത്തെയും ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു.
നിമിഷപ്രിയയുടെ മോചനം കേരളത്തിന്റെ ആഗ്രഹം : വി.ഡി.സതീശൻ നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും അതിന് സാദ്ധ്യമായ എല്ലാ വഴിയും തേടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാന്തപുരത്തിന്റെ നിർദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷേയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തുന്ന ചർച്ചകൾ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.
കാന്തപുരത്തിന് കേരളജനതയുടെ നന്ദി: ചെന്നിത്തല നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കൽ സാദ്ധ്യമാക്കിയ കാന്തപുരം എ പി. അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ നന്ദി രേഖപ്പെടുത്തുന്നതായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . ഇതാണ് കേരളത്തിന്റെ മാതൃക. മതത്തിനും മീതേ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃക.
കേന്ദ്രസർക്കാർ ഇടപെടലുകൾ തുടരും: രാജീവ് ചന്ദ്രശേഖർ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ വേണ്ട ഇടപെടലുകൾ തുടരുമെന്ന് അറിയിച്ചതായി ബി.ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിഷയത്തിൽ മോദി സർക്കാർ എടുക്കുന്ന നടപടികൾ ഏറെ ശ്രദ്ധാപൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു.