നിര്‍മാണം ജനുവരിയില്‍ തുടങ്ങും; കേരളത്തിലെ ഈ ജില്ലയുടെ മുഖച്ഛായ മാറും
തിരുവനന്തപുരം: വികസനത്തിന്റെ പുത്തന്‍ സാദ്ധ്യതകള്‍ തുറന്ന വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീ തുരങ്ക റെയില്‍പ്പാതയ്ക്കായി നിര്‍മ്മാണച്ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. വിദഗ്ദ്ധ പരിശോധന പൂര്‍ത്തിയാക്കിയ തുറമുഖ കമ്പനി ഇതിനുള്ള അനുമതി നല്‍കി. സാങ്കേതിക,സാമ്പത്തിക പരിശോധനകള്‍ക്ക് ശേഷമാകും തുടര്‍നടപടി. കരാറൊപ്പിട്ടാല്‍ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നാലുമാസത്തോളമെടുക്കും. അടുത്ത ജനുവരിയില്‍ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഒറ്റഘട്ടമായി നിര്‍മ്മിക്കാനുള്ള ഇ.പി.സി (എന്‍ജിനിയറിംഗ്,പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറായിരിക്കും. കരാര്‍ കമ്പനി തയ്യാറാക്കുന്ന എന്‍ജിനിയറിംഗ് ഡിസൈന്‍ റെയില്‍വേ അംഗീകരിക്കേണ്ടതുണ്ട്.
45 മാസംകൊണ്ട് തുരങ്കപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ആദ്യഗഡുവായ 96.2 കോടി കൊങ്കണ്‍ റെയിലിന് കൈമാറിയിട്ടുണ്ട്. റെയില്‍പ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമൊഴികെ പൂര്‍ണമായും ഭൂഗര്‍ഭപാതയാണ്. തുറമുഖത്തിനടുത്തായി തുരങ്കപാത അവസാനിക്കുന്നിടത്ത് ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയില്‍ ഒരേക്കറോളം സ്ഥലത്ത് കട്ട് ആന്‍ഡ് കവര്‍ സാങ്കേതികവിദ്യയിലായിരിക്കും നിര്‍മ്മാണം. തുരങ്കം നിര്‍മ്മിച്ച്,മൂടിയശേഷം ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കും. അവിടെ ഓഡിറ്റോറിയം,ജിം,പാര്‍ക്കിംഗ് ഗ്രൗണ്ട് അടക്കം നിര്‍മ്മിക്കാം. റവന്യൂവകുപ്പിന്റെ ബീച്ച് പുറമ്പോക്ക് ഭൂമിയും തുരങ്കപാതയ്ക്ക് കൈമാറും. തുരങ്കത്തിന്റെ രണ്ട് അഗ്രങ്ങളിലുമായി 11.5 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
രണ്ട് തുരങ്കമുഖങ്ങളിലൂടെ പ്രതിദിനം പരമാവധി 6 മീറ്ററേ തുരക്കാനാവൂ. പാതയുടെ മദ്ധ്യഭാഗത്തു നിന്നുകൂടി തുരക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മിക്സിംഗിന് നാലേക്കര്‍ സ്ഥലത്ത് പ്ലാന്റ് വേണ്ടിവരും. രാജ്യത്തെ വലിയ മൂന്നാമത്തെ റെയില്‍വേ ടണലായിരിക്കുമിത്.
പ്രതിദിനം 21 ട്രെയിനുകള്‍
ബാലരാമപുരത്തുനിന്ന് തുറമുഖത്തേക്ക് ഒറ്റപ്പാതയായിരിക്കും. ദിവസം 21
ട്രെയിനുകളോടിക്കാനാവും. ആകെയുള്ള 10.7കി.മീ ദൂരം താണ്ടാന്‍ 23 മിനിറ്റെടുക്കും.
ചരക്ക് ഇടനാഴിയും
500 കിലോ മീറ്ററിലേറെ ദൂരത്തേക്കുള്ള കണ്ടെയ്നറുകളാണ് ട്രെയിനില്‍ കൊണ്ടുപോകുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കായിരിക്കും ഏറെയും. തുറമുഖത്തെ കണ്ടെയ്നര്‍ ശേഷി കൂടുന്ന സാഹചര്യത്തില്‍ ചരക്കുനീക്കത്തിന് റെയില്‍ ഇടനാഴി അനിവാര്യമാണ്.
1482.92 കോടി: തുരങ്കപാതയ്ക്ക് ആകെ ചെലവ്
10.7 കി.മീ - പാതയുടെ ആകെ ദൈര്‍ഘ്യം