പുതിയ തൊഴിൽ നിയമങ്ങളെ ഭയക്കേണ്ട സ്ഥിതി:വി.ഡി സതീശൻ
കൊല്ലം:രാജ്യത്ത് പുതുതായി കൊണ്ടുവരുന്ന ഓരോ തൊഴിൽ നിയമത്തെയും ഭയക്കേണ്ട സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിൽ നിയമങ്ങളെല്ലാം കോർപ്പറേറ്റുകളെയും മുതലാളിമാരെയും സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണ്.എട്ട് മണിക്കൂർ ജോലി 12 മണിക്കൂറാക്കാൻ നീക്കം നടക്കുകയാണ്.സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല.നാട്ടിൽ പൊതുവേ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇന്ന് അതിവേഗം തൊഴിൽ സാഹചര്യങ്ങൾ മാറിവരുന്നു.തയ്യൽ തൊഴിലാളികൾ സഹകരണ സ്ഥാപനങ്ങൾ തുടങ്ങി വൻകിട കമ്പനികളിൽ നിന്ന് ഓർഡർ സ്വീകരിക്കാൻ തക്കവണ്ണം വളരണം.അര ഡസൻ തൊഴിലാളി ക്ഷേമനിധി ബോർഡുകൾ തകർച്ചയുടെ വക്കിലാണ്.ജീവിതകാലം മുഴുവൻ പണമടച്ചവർക്ക്,ജോലി ചെയ്യാൻ പറ്റാത്ത പ്രായത്തിൽ ക്ഷേമനിധി പെൻഷൻ കിട്ടാത്ത സ്ഥിതി ദയനീയമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു,സെക്രട്ടറി എം.കെ.പ്രകാശൻ,ട്രഷറർ ജി.കാർത്തികേയൻ,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.സൗത്ത് ഇന്ത്യൻ ബാങ്ക് റീജനൽ ഹെഡ് ജോൺ സിറിയക്ക് ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 14.91 ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറി.ഈ തുക എ.കെ.ടി.എ തയ്യൽ മെഷീൻ വാങ്ങി വിതരണം ചെയ്യാൻ ഉപയോഗിക്കും.ഇന്ന് സമാപിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും.