അനെർട്ടിലെ ക്രമക്കേടും അഴിമതിയും: സ്വകാര്യചർച്ചയല്ല, മന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ചെന്നിത്തല # വൈദ്യുതി മന്ത്രിയോട് 9 ചോദ്യങ്ങൾ

Wednesday 16 July 2025 12:41 AM IST

കോഴിക്കോട്: അനെർട്ടിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് വൈദ്യുതി മന്ത്രിയോട് ഒമ്പത് ചോദ്യങ്ങൾ ചോദിച്ച് രമേശ് ചെന്നിത്തല. അഴിമതി നടന്നിട്ടില്ലെന്നും ചെന്നിത്തല ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ചചെയ്യാമെന്നും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞതിനെയും വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു. 'ഇത് ജനങ്ങളുടെ നികുതിപ്പണത്തിന്റെ പ്രശ്‌നവും അഴിമതിയുമാണ്. രണ്ടുപേർ ചർച്ചചെയ്തു പരിഹരിക്കണ്ട വിഷയമല്ല. പൊതു ജനസമക്ഷം തന്നെ ചോദ്യോത്തരങ്ങൾ ഉണ്ടാവണം. കണക്കുകളും തെളിവുകളും പൊതുജനങ്ങൾക്കു മുമ്പാകെ വയ്ക്കണം.

മന്ത്രി അറിഞ്ഞിരുന്നോ?

1. അഞ്ചു കോടി രൂപ വരെ മാത്രം ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനെർട്ട് സി.ഇ.ഒ 240 കോടി രൂപയുടെ ടെൻഡർ വിളിച്ചതിന് മന്ത്രിയുടെയോ വകുപ്പിന്റെയോ പ്രത്യേകാനുമതി വാങ്ങിയിരുന്നോ..? ഇല്ലെങ്കിൽ എന്തുകൊണ്ടു നടപടിയെടുത്തില്ല.?

2. ആദ്യത്തെ ബിഡ്ഡിംഗിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി സെലക്ട് ചെയ്യപ്പെട്ട കമ്പനി പിൻമാറുന്നുവെന്ന് മെയിൽ അയച്ചെന്നാണ് സി.ഇ.ഒ പറയുന്നത്. ഈ മെയിൽ വകുപ്പിന് സമർപ്പിച്ചിട്ടുണ്ടോ? 240 കോടി രൂപയുടെ ആദ്യത്തെ ടെൻഡർ റദ്ദാക്കിയ വിവരം വകുപ്പിനെ അറിയിച്ചിരുന്നോ..?

3. ഗ്രേഡിംഗ് റേറ്റ് അനുസരിച്ചാണ് കമ്പനികൾക്ക് അനുവദിക്കുന്ന പവർപ്ലാന്റിന്റെ പരമാവധി ശേഷി നിശ്ചയിക്കുന്നത് എന്നായിരുന്നു ടെൻഡർ വ്യവസ്ഥ. ഇതു ലംഘിച്ച് എല്ലാ കമ്പനികൾക്കും എല്ലാ ശേഷിയിലുമുള്ള പവർ പ്ലാന്റുകൾ സ്ഥാപിക്കാൻ ഓർഡർ നൽകിയത് ആരുടെ നിർദേശപ്രകാരമായിരുന്നു?

4. ടെൻഡറിൽ സമർപ്പിച്ചതിനേക്കാൾ ഉയർന്ന തുകയ്ക്ക് പല കമ്പനികൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ടെൻഡർ തുറന്നശേഷം തിരുത്തിയിട്ടുമുണ്ട് . വ്യവസ്ഥകൾ പാലിക്കാത്തവർക്കും ഓർഡർ നൽകിയിട്ടുണ്ട്. ഇത് ടെൻഡർ വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമല്ലേ...?

5. സോളാർ പ്ലാന്റുകൾക്ക് അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ൽ അനെർട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കാത്തത് എന്തു കൊണ്ട് ?

6. കേന്ദ്രസർക്കാരിൽ നിന്ന് പദ്ധതിക്ക് സബ്‌സിഡി അഡ്വാൻസ് ഇനത്തിൽ കിട്ടിയ പണത്തിൽ നിന്ന് എത്ര ചെലവഴിച്ചു? എത്ര കേന്ദ്രം തിരികെ വാങ്ങി..? എന്തു കൊണ്ടാണ് കിട്ടിയ തുക ചെലവഴിക്കാൻ കഴിയാതിരുന്നത്...?

7. ടെൻഡറിൽ കമ്പനികൾ രേഖപ്പെടുത്തിയ നിരക്കുകൾ കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാം?. ഓരോയിനത്തിലും എത്ര വീതം തുക കുറവ് വരുത്തി?

8. അനെർട്ടിൽ ഇ-ടെൻഡർ ക്രിയേറ്റർ, ഓപ്പണർ ചുമതലകൾ ഉണ്ടായിരിക്കെ രാജിവച്ച് ഇ.വൈയിൽ ചേർന്ന താത്ക്കാലിക ജീവനക്കാരന് ടെൻഡറുകൾ സഹായിക്കാനുള്ള ചുമതലകൾ നൽകണമെന്ന് സി.ഇ.ഒ ആവശ്യപ്പെട്ടിരുന്നോ? അനെർട്ടിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ വിവിധ കൺസൾട്ടൻസികളെ നിയമിക്കാൻ നൽകിയ ഉത്തരവിന്റെയും അവർക്കുവേണ്ടി ചെലവഴിച്ച തുകയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?

9. മന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ അനെർട്ടിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ മുഴുവൻ ഇടപാടുകളും ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാൻ ധൈര്യമുണ്ടോ..?