ഡിവൈ.എസ്.പിയുടെ യാത്രഅയപ്പിൽ സി.ഐമാരുടെ വാക്കേറ്റം
ആലപ്പുഴ: ഡിവൈ.എസ്.പിയുടെ യാത്രഅയപ്പ് പാർട്ടിക്കിടെ ഔദ്യോഗിക കാര്യങ്ങളെച്ചൊല്ലി ഒരേ ബാച്ചുകാരായ സി.ഐമാർ തമ്മിൽ വാക്കേറ്റം. സ്ഥലം മാറിപ്പോകുന്ന ചെങ്ങന്നൂർ ഡിവൈ.എസ്.പിയായിരുന്ന ടി. ബിനുകുമാറിനായി മാന്നാർ സി.ഐയുടെ വാടക വീട്ടിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് സംഭവം.
ചെങ്ങന്നൂർ സബ് ഡിവിഷനിലെ ആറ് പൊലീസ് സ്റ്റേഷനുകളിലെ സി.ഐമാരും ഡിവൈ.എസ്.പിയും മാത്രമാണ് പരിപാടിക്കുണ്ടായിരുന്നത്. സി.ഐമാർ ഡിവൈ.എസ്.പിക്ക് ഉപഹാരം നൽകിയിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴാണ് സി.ഐമാർ തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് സഹപ്രവർത്തകരും ഡിവൈ.എസ്.പിയും ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ചു.
പാർട്ടിക്കിടെ മദ്യപാനവും കൈയാങ്കളിയുമുണ്ടായെന്ന പ്രചാരണം ജില്ലാ പൊലീസ് മേധാവിയും യാത്രഅയപ്പിൽ സംബന്ധിച്ച ഡിവൈ.എസ്.പിയും സി.ഐമാരും നിഷേധിച്ചു. അടുത്ത ദിവസം ആലപ്പുഴയിൽ നടന്ന ക്രൈം കോൺഫറൻസിലും ഇവരെല്ലാവരും പങ്കെടുത്തിരുന്നു. സ്വകാര്യ ചടങ്ങിലുണ്ടായ വാക്കേറ്റത്തെ സംബന്ധിച്ച് അന്വേഷണമുണ്ടായിട്ടില്ലെന്നാണ് ആലപ്പുഴ എസ്.പി പറയുന്നത്. അതേസമയം മാന്നാർ സി.ഐയെ ചൊവ്വാഴ്ച എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചത് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണെന്ന് സംശയമുയർന്നിരുന്നു. എന്നാൽ മറ്രൊരു കേസിന്റെ അന്വേഷണ പുരോഗതി ചർച്ച ചെയ്യാനാണെന്നാണ് എസ്.പി ഓഫീസിൽ നിന്ന് ലഭിച്ച വിവരം.