ക്ലാപ്പനയിൽ ഭൂമി കുലുക്കമെന്ന് സംശയം
Wednesday 16 July 2025 12:44 AM IST
ക്ലാപ്പന: ക്ലാപ്പനയിൽ ഭൂമികുലുക്കമെന്ന് സംശയം. ക്ലാപ്പന പഞ്ചായത്തിൽ ഏഴാം വാർഡിൽ കാവുംകട ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്താണ് കുലുക്കം അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. താന്നിക്കൽ തറയിൽ ദേവദത്തന്റെ വീടിന്റെ അറുപത് മീറ്ററോളം ചുറ്റുമതിൽ തകർന്ന് വീഴുകയും വിടിന്റെ ദിത്തികളിൽ വിള്ളൽ വീഴുകയും ചെയ്തു. സിയാദ് മൻസിൽ മൻസൂറിന്റെ വീട്ടിൽ വീട്ടുകാർ കിടന്ന കട്ടിലുൾപ്പടെയുള്ള ഫർണിച്ചറുകൾ കുലുങ്ങിയതായി പറയുന്നു. നാട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി തഹസിൽദാർ ഉൾപ്പടെയുള്ള റവന്യു ഉദ്യോഗസ്ഥരും ഓച്ചിറ പൊലീസും സ്ഥലത്തെത്തി. കളക്ടറെയും ജിയോളജി വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ ഭൂചലനമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും കരുനാഗപ്പള്ളി തഹസിൽദാർ ആർ.സുശീല പറഞ്ഞു.