ടൂറിസം ഭൂപടത്തിൽ ഇനി മരുതിമലയും
കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാകുന്നതോടെ മുട്ടറ മരുതിമലയുടെ ദൃശ്യചാരുത ഇനി ടൂറിസം ഭൂപടത്തിലേക്ക്. അഷ്ടമുടി കായൽ മുതൽ തെന്മല വരെയുള്ള ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട്.
2.65 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 17ന് വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മരുതിമലയിൽ സഞ്ചാരികളെ ആകർഷിക്കും വിധത്തിലുള്ള സാഹസിക ടൂറിസമുൾപ്പടെയാണ് തയ്യാറാക്കുക.
ഏകദേശം 37 ലക്ഷം രൂപ ചെലവഴിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കി വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വമായിരുന്നു മുമ്പ് ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് തുടർപ്രവർത്തനങ്ങളുണ്ടായില്ല. 2020ൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ രണ്ടാം ഘട്ട ഉദ്ഘാടനം നിർവഹിക്കുകയും ആദ്യ ഹരിതവനം പദ്ധതി നടപ്പാക്കുകയും ചെയ്തു.
വെളിയം ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് വലിയ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ലക്ഷ്യം കണ്ടില്ല. ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. ഈ സാഹചര്യത്തിലാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രത്യേക താത്പര്യത്തിൽ മരുതിമല ടൂറിസം പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കുന്നത്.
കാഴ്ചകളും പ്രതീക്ഷകളും
മരുതിമല സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1100 അടി ഉയരത്തിൽ
മാനംമുട്ടുന്ന പാറക്കെട്ടുകളാണ് പ്രധാന കാഴ്ച
കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു
പാറകളോടൊപ്പം വാനരസംഘങ്ങളുടെ സാന്നിദ്ധ്യവും പ്രത്യേകത
വിട്ടുനൽകിയത്-37 ഏക്കർ റവന്യൂ ഭൂമി
(വെളിയം പഞ്ചായത്തിൽ)
പാട്ടവ്യവസ്ഥ-20 വർഷം