കൊല്ലം ട്രാൻ. ഡിപ്പോ: പുതിയ കെട്ടിട സമുച്ചയത്തിന് 15 കോടിയുടെ ഭരണാനുമതി
കൊല്ലം: ഏത് നിമിഷവും തകരുന്ന കൊല്ലം ട്രാൻ ഡിപ്പോ കെട്ടിടത്തിന് പകരം പുതിയ സമുച്ചയത്തിന് 15 കോടിയുടെ ഭരണാനുമതിയായി. എം.എൽ.എ ഫണ്ടിൽ നിന്ന് 5 കോടിയും കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 10 കോടിയും ചേർത്താണ് ഭരണാനുമതി. നിലവിൽ ഗ്യാരേജ് പ്രവർത്തിക്കുന്ന ഒന്നേകാൽ ഏക്കറോളം വരുന്ന സ്ഥലത്ത് 35000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ സമുച്ചയമാണ് നിർമ്മിക്കുന്നത്. ഭൂഗർഭനില സഹിതം നാലുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഭൂഗർഭ നിലയിലാകും പുതിയ ഗ്യാരേജ് പ്രവർത്തിക്കുക. ഒന്ന് രണ്ട് നിലകളിലാകും ഡിപ്പോയ്ക്കും യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള സൗകര്യങ്ങളും മൂന്നാം നിലയിൽ ഓഫീസ് സൗകര്യങ്ങളുമാണ് ക്രമീകരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി.
ഉടൻ ട്രാഫിക് സ്റ്റഡി
അപകട സാദ്ധ്യതയില്ലാത്ത ഡിപ്പോയിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിന്റ് നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ട്രാഫിക് സ്റ്റഡി നടത്തണമെന്നും മാലിന്യ സംസ്കരണത്തിന് എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഭൂഗർഭ നിലയിൽ ഗ്യാരേജ്
ഓഫീസുകൾ ഇലട്രിക്കൽസ്റ്റോർ റൂം ജീവനക്കാർക്കുള്ള വിശ്രമ മുറികൾ
1-ാം നിലയിൽ കൊറിയർ റൂം ശീതീകരിച്ച ഫാമിലി വെയിറ്റിംഗ്ഗ് റൂമുകൾ സ്ത്രീകൾക്ക് ഫീഡിംഗ് റൂം പൊലീസ് എയ്ഡ് പോസ്റ്റ്
പൊതു ടോയ്ലെറ്റുകൾ
2-ാം നിലയിൽ പുരുഷന്മർക്കുള്ള ഡോർമെറ്ററി ഷീ ഷെൽട്ടർ കെയർ ടേക്കർ മുറി റെസ്റ്റോറന്റ്
3-ാം നിലയിൽ ജീവനക്കാർക്കുള്ള വിശ്രമമുറികൾ ബഡ്ജറ്റ് ടൂറിസം, ഡി.ടി ഓഫീസ് കോൺഫറൻസ് ഹാൾ
ടെണ്ടറിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഭരണാനുമതിക്കുള്ള നടപടികൾ വേഗത്തിലാക്കും. പുതിയ സമുച്ചയം നിർമ്മിക്കുന്നതിന് നിലവിലുള്ള ഗ്യാരേജ് കെട്ടിടം പൊളിച്ച് നീക്കി താത്കാലികമായി പകരം സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കാൻ ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വൈകാതെ യോഗം ചേരും.
എം. മുകേഷ് എം.എൽ.എ