മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ മറിഞ്ഞു

Wednesday 16 July 2025 12:49 AM IST

കൊല്ലം: കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്രിൽപ്പെട്ട് മറിഞ്ഞു. തൊഴിലാളികളെ രക്ഷപ്പെടുത്തി. മയ്യനാട് മുക്കം സ്വദേശികളായ അബ്ദുൾ റഷീദ് (50), നൗഷാദ് (46), നിസാമുദ്ദീൻ (57) എന്നിവരെയാണ് മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മുക്കം സ്വദേശി നവാസ് ഖാന്റെ ഉടമസ്ഥതയിലുള്ള മാഷാ അള്ളാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ 3 ഓടെ പള്ളിത്തോട്ടത്ത് നിന്ന് പുറപ്പെട്ട വള്ളം ശക്തമായ കാറ്റിലും തിരയിലും പെടുകയായിരുന്നു. വള്ളം തലകീഴായി മറിഞ്ഞെങ്കിലും മൂന്നുപേരും ഏകദേശം മുക്കാൽ മണിക്കൂറോളം വള്ളത്തിൽ തന്നെ പിടിച്ചുകിടന്നു. തുടർന്ന് മത്സ്യബന്ധനത്തിനായി പോയ മറ്റ് വള്ളക്കാർ ഇവരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.

ആർക്കും പരിക്കില്ല. അപകടത്തിൽ വള്ളം പൂർണമായും തകർന്നു. എൻജിനും കേടുപാട് സംഭവിച്ചു. മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വള്ളം കൊല്ലം പോർട്ടിൽ എത്തിച്ചു.