ഡിജിറ്റൽ റവന്യൂ കാർഡ് കേന്ദ്രപദ്ധതിയുടെ ചുരുക്കപ്പട്ടികയിൽ

Wednesday 16 July 2025 1:09 AM IST

□കേന്ദ്ര ഫണ്ട് ലഭ്യമായേക്കും

തിരുവനന്തപുരം: റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ റവന്യൂ കാർഡ് കേന്ദ്ര പദ്ധതിയുടെ ചരുക്കപ്പട്ടികയിൽ ഇടം പിടിച്ചു. കേന്ദ്ര ഭരണപരിഷ്കരണ വകുപ്പ് നടപ്പാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ വരുന്ന 11 ഇനങ്ങളിൽ ഒന്നാമതായിട്ടാണിത്. ഇതോടെ,പദ്ധതി നടത്തിപ്പിന് കേന്ദ്ര ഫണ്ടും ലഭ്യമായേക്കും.

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് ഡിജിറ്റൽ റവന്യൂ കാർഡ് . എ.ടി.എം കാർഡിന്റെ മാതൃകയിൽ ചിപ്പും ക്യൂ.ആർ കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന കാർഡിൽ വ്യക്തിഗതവും ഭൂമി സംബന്ധവുമായ വിവരങ്ങളും കിട്ടും. പ്രാഥമിക ഘട്ടത്തിൽ വ്യക്തികളുടെ ഭൂമി സംബന്ധമായ റവന്യൂ, സർവെ വകുപ്പുകളിലെ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ സർക്കാർ

അനുമതി നൽകിയിരുന്നു.സർവെ നമ്പർ, ബ്ലോക്ക് നമ്പർ, സബ് ഡിവിഷൻ നമ്പർ, വിസ്തീർണ്ണം തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ലാൻഡ് പാർസൽ ഐ.ഡി നൽകും. പത്തക്കങ്ങളുള്ള ഐ.ഡിയിൽ ഭൂമിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തും..വ്യക്തിയെ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ കൈവശമുള്ള വിവരങ്ങൾ ഡിജിറ്റൽ കാർഡിൽ ഉൾപ്പെടുത്തി ഡിജിറ്റൽ റവന്യൂ കാർഡിനെ മാസ്റ്റർ കാർഡ് സംവിധാനമാക്കുകയാണ് ലക്ഷ്യം.

ഒറ്റ കാർഡിൽ

പല സേവനം

# വ്യക്തിയുടെ പേരിലുള്ള ഭൂമി, അതിന്റെ സ്വഭാവം, കെട്ടിടങ്ങൾ, പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വസ്തുവിലുള്ള ബാദ്ധ്യത, നികുതി കുടിശിക തുടങ്ങി എല്ലാ വിവരങ്ങളും

ഓൺലൈനിലൂടെ അറിയാനാവും.

# ബാദ്ധ്യത, വരുമാന സർട്ടിഫിക്കറ്റുകൾ, കൈവശാവകാശം തുടങ്ങി വില്ലേജ് ഓഫീസുകളിൽ നിന്ന് ഏത് സർട്ടിഫിക്കറ്റുകൾ വാങ്ങിയാലും കാർഡിൽ രേഖപ്പെടുത്തും. നിശ്ചിത കാലയളവിനുള്ളിൽ വീണ്ടും അപേക്ഷക്കേണ്ടതില്ല.