അഞ്ചടി നീളമുള്ള പാമ്പ് ക്ഷേത്രത്തിലെത്തി, ഭക്തർ മാറിനിന്നു; ഇതായിരുന്നു പിന്നീട് നടന്നത്

Wednesday 16 July 2025 9:50 AM IST

പാമ്പിനെ വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കുന്ന നിരവധി പേരുണ്ട്. സർപ്പത്തെ ഉപദ്രവിച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കരുതുന്നവരും ഏറെയാണ്. എന്നാൽ ഒരു പാമ്പ് ക്ഷേത്രത്തിലെത്തുന്നതും പിന്നീട് സംഭവിച്ച കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബർസാനയിലുള്ള ശ്രീ ലാഡ്ലി ജി ക്ഷേത്രത്തിലാണ് സംഭവം.

നാലോ അഞ്ചോ അടി നീളമുള്ള ഒരു പാമ്പ് ക്ഷേത്രപരിസരത്തിലേക്ക് ഇഴഞ്ഞുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പാമ്പിനെ കണ്ടതും ഭക്തർ ദൂരെ മാറിനിന്ന് അതിന്റെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എന്നാൽ പെട്ടെന്ന് ഒരു വയോധികൻ വടിയുമായി പാമ്പിനടുത്തെത്തുന്നു. അദ്ദേഹം പാമ്പിനെ വടി കൊണ്ട് തല്ലിയോടിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ എക്സിലാണ് പ്രത്യക്ഷപ്പെട്ടത്.

വീഡിയോ വൈറലായതോടെ വയോധികനെ പിന്തുണച്ചും, രൂക്ഷമായി വിമർശിച്ചുമൊക്കെ നിരവധി പേർ രംഗത്തെത്തി. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരെ സംരക്ഷിക്കാനാണ് വയോധികൻ ശ്രമിച്ചതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ ഒരു ജീവിയോട് ചെയ്ത ക്രൂരതയെ മറ്റുചിലർ വിമർശിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽ പാമ്പുകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും പാമ്പുകളെ പവിത്രമായി കണക്കാക്കുകയും വിവിധ ദേവതകളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.

'പാമ്പുകളെ ആരാധിക്കുന്ന ഒരു രാജ്യത്ത്, ഒരു പാമ്പ് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു, എന്നിട്ട് അതിനെ എങ്ങനെ ആരാധിച്ചുവെന്ന് നോക്കൂ'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'അദ്ദേഹം ഒരു പുരോഹിതനല്ല, ഒരു പൂവ് വിൽപ്പനക്കാരനാണ്. രണ്ടാമത്തെ കാര്യം, എല്ലാവരോടും നന്നായി പെരുമാറാൻ നമ്മുടെ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നു എന്നതാണ്. പാമ്പ് വിഷമുള്ളതാണെന്ന് എല്ലാവർക്കും അറിയാം. ആയിരക്കണക്കിന് ആളുകൾ ദിവസവും ക്ഷേത്രം സന്ദർശിക്കുന്നു. ഈ പാമ്പ് ആരെയെങ്കിലും കടിച്ചിരുന്നെങ്കിൽ, നിങ്ങൾ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ തുടങ്ങുമായിരുന്നു'- എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.