പൂരം അലങ്കോലമാക്കൽ; അജിത് കുമാറിനെതിരെ ശക്തമായ നടപടിയുണ്ടായേക്കും, അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി

Wednesday 16 July 2025 10:13 AM IST

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിയുണ്ടായേക്കും. ഡി ജി പിയുടെ റിപ്പോർട്ട് ശരിവച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അജിത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് അഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നത്.

സംഭവത്തിൽ അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡ‌ി ജി പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ആഭ്യന്തര സെക്രട്ടറി ശരിവച്ചിരിക്കുന്നത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് അജിത് കുമാ‍ർ തൃശൂരിലെത്തിയത്. സിറ്റി പൊലീസ് കമ്മിഷണറും ദേവസ്വം ഭാരവാഹികളും തമ്മിൽ പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ. രാജൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നങ്ങൾ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എ ആർ അജിത്കുമാർ ഫോൺ എടുത്തില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

തൃശൂർ പൂരത്തിനിടെ പൂര പ്രേമികളെ ലാത്തി വീശി ഓടിച്ചും പൂര നഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പ്രശ്നം സൃഷ്ടിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ ഉൾപ്പെടെ ബലം പ്രയോഗിച്ച് നീക്കിയതും അതൃപ്തിക്ക് ഇടയാക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിലാണ് നടന്നത്. പൂരനഗരിയിലേക്ക് അന്നത്തെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി ആംബുലൻസിൽ വന്നതും വിവാദത്തിനിടയാക്കിയിരുന്നു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് പിന്നിൽ പൂരം കലക്കലാണെന്ന് ആരോപണം ഉയർന്നിരുന്നു.