'ഷെറിന് ചിലരുമായി ശാരീരികവും മാനസികവുമായ ബന്ധം, ജയിലിനുള്ളിൽ ബ്യൂട്ടീപാർലർ വരെ'; വെളിപ്പെടുത്തലുമായി സഹതടവുകാരി
കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനത്തിനായി ജയിൽ ഉപദേശക സമിതി ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയെന്ന് സഹതടവുകാരി. തലക്കുളം സ്വദേശി സുനിതയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ജയിലിൽ സർവ സ്വാതന്ത്ര്യമുണ്ടായിരുന്ന ഷെറിന് പ്രത്യേക വസ്‌ത്രങ്ങളും ഭക്ഷണവും മേക്കപ്പ് കിറ്റും ഉണ്ടായിരുന്നു. ഷെറിന്റെ മോചനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സുനിത പറഞ്ഞു.
'മന്ത്രിസഭയുടെ ഇടപെടലാണ് ഷെറിന്റെ മോചനം വേഗത്തിലാക്കിയത്. അവർക്ക് പുറത്തിറങ്ങാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. ഷെറിനേക്കാൾ യോഗ്യതയുള്ള അഞ്ചോളം സ്‌ത്രീ തടവുകാർ ഓപ്പൺ ജയിലിലുണ്ട്. നല്ല പെരുമാറ്റമുള്ള പ്രതികളെ മാത്രമേ ഓപ്പൺ ജയിലിലേക്ക് മാറ്റുകയുള്ളു. അത്തരത്തിലൊരു സാദ്ധ്യത ഷെറിന് ഉണ്ടായിട്ടില്ല. അങ്ങനെയൊരാളെയാണ് മന്ത്രിസഭ മുൻകയ്യെടുത്ത് പുറത്തേക്ക് വിടുന്നത്.
ജയിൽ സൂപ്രണ്ട് കൊടുത്ത റിപ്പോർട്ട് ഷെറിന് അനുകൂലമായിട്ടുള്ളതാവണം. അതിനാലാണ് ഗവർണർ അതിൽ ഒപ്പുവച്ചത്. ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചയാൾ ജയിലിനുള്ളിൽ ജോലി ചെയ്യണമെന്നത് നിർബന്ധമാണ്. എന്നാൽ, ഷെറിൻ ജോലി ചെയ്യാറില്ല. ഷെറിന്റെ വസ്‌ത്രങ്ങൾ മറ്റുള്ളവരാണ് കഴുകി കൊടുക്കാറുള്ളത്. മൂന്ന് നേരവും പുറത്തുനിന്നായിരുന്നു ഭക്ഷണം. ഫോണും ഉപയോഗിച്ചിരുന്നു. ഒരു വിദേശവനിതയെ ആക്രമിച്ചതിന് ആറ് മാസം മുമ്പ് ഷെറിനെതിരെ കേസ് വന്നതാണ്. എന്നിട്ടുപോലും അവരെ വെറുതേവിടുക എന്നത് വിരോധാഭാസമാണ്.
ജയിലിൽ നിന്ന് കൊടുക്കുന്ന ഡ്രസല്ല, വെള്ള നിറത്തിലുള്ള ലിനൻ വസ്‌ത്രങ്ങളാണ് ഷെറിൻ ധരിച്ചിരുന്നത്. ബ്യൂട്ടീപാർലർ വീട്ടിൽ തന്നെ എന്ന് പറയുന്നപോലെ എല്ലാ സൗകര്യങ്ങളും സൂപ്രണ്ട് അവർക്ക് അനുവദിച്ചിരുന്നു. ഷെറിന് സത്യത്തിൽ പുറത്തേക്കിറങ്ങേണ്ട കാര്യമില്ല. ജയിലിനുള്ളിൽ അത്രയും സൗകര്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില വ്യക്തികൾക്ക് ഷെറിനുമായുള്ള മാനസികവും ശാരീരികവുമായ അടുപ്പമാണ് ഇതിനെല്ലാം കാരണം. ഷെറിൻ പുറത്തിറങ്ങുന്നത് എനിക്കൊരു പ്രശ്‌നമല്ല. പക്ഷേ, ഇതിനെക്കാൾ യോഗ്യതയുള്ളവരുടെ ലിസ്റ്റ് കൊടുത്തിട്ടും അതെല്ലാം തള്ളിക്കളയുകയായിരുന്നു. അത് ശരിയല്ല. നിയമനടപടിയുമായി മുന്നോട്ടുപോകും' - സുനിത പറഞ്ഞു.