'അർജുന്റെ അമ്മയുടെ സമ്മതത്തോടെ ആ പുതിയ ദൗത്യം ഏറ്റെടുക്കുന്നു'; എകെഎം അഷ്‌റഫ് എംഎൽഎ

Wednesday 16 July 2025 12:27 PM IST

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ മലയാളികൾക്ക് മറക്കാനാകില്ല. ഷിരൂരിൽ രണ്ട് മാസത്തിലധികം നീണ്ട ദൗത്യത്തിനൊടുവിലാണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറിയും അർജുന്റെ മൃതദേഹവും കണ്ടെടുത്തത്. അർജുന്റെ കുടുംബത്തെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെയെല്ലാം വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്‌ച.

അർജുനെ കണ്ടെത്താൻ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തിയത് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ആണ്. അദ്ദേഹം ആ ദൗത്യത്തെക്കുറിച്ച് ഒരു പുസ്‌തകമെഴുതാൻ പോവുകയാണ്. അർജുന്റെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് വൈകാരികമായ ഫേസ്‌ബുക്ക് പോസ്റ്റുമായി അഷ്‌റഫ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടുവെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ എംഎൽഎ പറയുന്നുണ്ട്.

ഒരിക്കലും മറക്കാനാകാത്ത 71 ദിവസങ്ങളുമായി ഒരു പുസ്‌തകം എഴുതുകയാണ്. എഴുത്തും വായനയും ഏറെ ഇഷ്‌ടമുള്ള അർജുന്റെ അമ്മയുടെ സമ്മതത്തോടെ ഈ ദൗത്യം ഏറ്റെടുക്കുകയാണെന്നും എംഎൽഎ കുറിച്ചു. അർജുന്റെ ഓർമകൾക്ക് മരണമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.