അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; അസുഖമുണ്ടെങ്കിൽ ആംബുലൻസിൽ പോയിക്കൂടേയെന്ന് ചോദ്യം
കൊച്ചി: ശബരിമലയിൽ പൊലീസിന്റെ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്ത എ ഡി ജി പി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. ട്രാക്ടർ ഡ്രൈവറിനെതിരെ പമ്പ പൊലീസ് കേസെടുത്തു.
ഡ്രൈവർ അലക്ഷ്യമായി വണ്ടിയോടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ആളെ കയറ്റിയെന്നും ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്. ഇതിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അജിത് കുമാറിനെ കോടതി രൂക്ഷമായി വിമർശിച്ചു. അജിത് കുമാറിന്റെ യാത്ര ദൗർഭാഗ്യകരമാണെന്നും എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ആംബുലൻസിൽ പോയിക്കൂടേയെന്നും കോടതി ചോദിച്ചു. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം.
ജൂലായ് 12,13 തീയതികളിലായിരുന്നു എ ഡി ജി പിയുടെ ട്രാക്ടർ യാത്ര. സന്നിധാനത്തേക്ക് ചരക്കുകൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ട്രാക്ടറിൽ യാത്ര ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് 2021 ൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ ലംഘനമാണ് എ ഡി ജി പി നടത്തിയതെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. 12ന് വൈകിട്ട് ആറുമണിക്ക് ചെളിക്കുഴി ഭാഗത്തുനിന്നാണ് എ ഡി ജി പി ട്രാക്ടറിൽ കയറിയത്. സന്നിധാനത്തിന് അടുത്ത് ചെരുപ്പുകട ഭാഗത്ത് എത്തിയപ്പോൾ ഇറങ്ങി. പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറും (പി എസ് ഒ) ഒപ്പം ഉണ്ടായിരുന്നു. 13 ന് പകൽ ഒരുമണിയോടെ ചെരിപ്പുകട ഭാഗത്തുനിന്ന് ട്രാക്ടറിൽ കയറി പമ്പയിലെത്തി ചെളിക്കുഴി ഭാഗത്ത് ഇറങ്ങുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.