എലിസബത്തിന്റേത് ആത്മഹത്യാ ശ്രമമോ? ഇതാണ് ഇന്നലെ നടന്നത്
നടൻ ബാലയുടെ മുൻ പങ്കാളിയും യൂട്യൂബറുമായ ഡോക്ടർ എലിസബത്ത് ഉദയന്റെ ഒരു വീഡിയോ രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആശുപത്രി കിടക്കയിൽ മൂക്കിൽ ട്യൂബ് ഇട്ടുകിടക്കുന്ന നിലയിലായിരുന്നു എലിസബത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
ബാലയുടെ പേര് എടുത്തുപറയാതെ തന്നെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുബവുമായിരിക്കുമെന്ന് എലിസബത്ത് പറയുന്നതും വീഡിയോയിലുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് എനിക്ക് നീതി കിട്ടണമെന്ന അടിക്കുറിപ്പോടെ എലിസബത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഇതിനുപിന്നാലെ എന്താണ് എലിസബത്തിന് സംഭവിച്ചതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ നിന്നുയർന്നിരുന്നു. എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്നലെ വൈകിട്ടോടെ അഹമ്മദാബാദിലെ ബി ജെ ആശുപത്രിയിൽ വച്ച് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സഹപ്രവർത്തകരാണ് അവരെ അവശയായ നിലയിൽ കണ്ടെത്തിയത്. താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ അവർ പറയുന്നുണ്ട്. കൂടാതെ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വിവാഹം നടന്നില്ലെന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പഴയ കാര്യങ്ങൾ ഓർക്കേണ്ടിവന്നത് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കിയെന്നും വീഡിയോയിലുണ്ട്.
നിരവധി പേരാണ് എലിസബത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. 'നിങ്ങൾ ഒരു ഡോക്ടർ അല്ലേ. എന്നിട്ടാണോ ഇതുപോലെ ഒരു മണ്ടത്തരം കാണിച്ചത്'', ''ഈ മനോഹരമായ ഭൂമിയിൽ ജീവിതം ഒന്ന് മാത്രമേയുള്ളൂ.. എന്തിന് മറ്റൊരാൾക്ക് വേണ്ടി അത് ഹോമിക്കുന്നു.. ജീവിക്കണം തോല്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ..എഴുന്നേൽക്കൂ ശക്തയായി തിരിച്ചു വരൂ''- ഇങ്ങനെ പോകുന്നു കമന്റുകൾ.