കനത്ത മഴ തുടരുന്നു, നാളെ ജില്ലയിൽ അവധി പ്രഖ്യാപിച്ച് കാസർ‌കോട് കളക്ടർ

Wednesday 16 July 2025 7:24 PM IST

കാസർകോട് : കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ജൂലായ 17 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്ന് പ്രധാന നദികൾ കര കവിയുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനസുരക്ഷയെ മുൻനിറുത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്കൂളുകൾ,​ കോളേജുകൾ,​ പ്രൊഫഷണൽ കോളേജുകൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ ,​ ട്യൂഷൻ സെന്ററുകൾ,​ മദ്രസകൾ ,​ അങ്കണവാടികൾ ,​ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും ( പ്രൊഫഷണൽ,​ സർവകലാശാല,​ മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ)​ പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ് . പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

അതേസമയം സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട്

ആണ്. അഞ്ച് ജില്ലകളിലാണ് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.