കേരളത്തില്‍ നാല് പാമ്പുകളുടെ കടിയേറ്റാല്‍ അപകടം; കൂട്ടത്തില്‍ ആനയെ വരെ കൊല്ലാന്‍ കെല്‍പ്പുള്ളവയും

Wednesday 16 July 2025 8:49 PM IST

പാമ്പുകള്‍ക്കായി ഒരു ദിനം എന്ന രീതിയിലാണ് ജൂലായ് 16 ആചരിക്കപ്പെടുന്നത്. മനുഷ്യന്‍ ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനം തന്നെയുണ്ട് പാമ്പുകള്‍ക്ക്. ഈ ആവാസവ്യവസ്ഥയെ മനസ്സിലാക്കി ആദരിച്ച് മുന്നോട്ട് പോകുകയെന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുകയെന്നതും ഈ ദിനത്തിലെ സവിശേഷമായ ഒരു ലക്ഷ്യമാണ്. കേരളത്തില്‍ നിരവധി പാമ്പുകളെ കാണപ്പെടാറുണ്ടെങ്കിലും ഇവയെല്ലാം തന്നെ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്നവരല്ല.

മനുഷ്യന്‍ പാമ്പുകളെക്കാണുമ്പോള്‍ എത്രത്തോളം ഭയക്കുന്നുവോ അതിന് എത്രയോ മടങ്ങ് അധികമാണ് പാമ്പുകള്‍ക്ക് മനുഷ്യരോടുള്ള ഭയം. ശാന്തമായി സഞ്ചരിക്കുക, വിശക്കുമ്പോള്‍ മാത്രം ഇര തേടുക, ഭക്ഷണത്തിനു ശേഷം വിശ്രമിക്കുക എന്നിങ്ങനെയാണ് പാമ്പുകളുടെ രീതി. ഇതിനിടയില്‍ അങ്ങോട്ട് ശല്യം ചെയ്യുമ്പോള്‍ മാത്രമാണ് അവ കടിക്കുക. രാത്രിയില്‍ പാദങ്ങള്‍കൊണ്ടോ കയ്യിലുള്ള വടിയോ മറ്റോ ഉപയോഗിച്ച് ശബ്ദമുണ്ടാക്കി നടക്കുക. എന്നതാണ് പാമ്പുകളുടെ കടിയേല്‍ക്കാതിരിക്കാനുള്ള പ്രധാന വിദ്യ.

കടിയേറ്റാല്‍ മരണം സംഭവിക്കാന്‍ സാദ്ധ്യതയുള്ള നാല് ഇനം പാമ്പുകളാണ് കേരളത്തിലുള്ളത്. കേരളത്തില്‍ ആകെ 114 ഇനം പാമ്പുകളാണുള്ളത്. അതില്‍ 10 എണ്ണമാണ് അപകടകാരികള്‍. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍(ശംഖുവരയന്‍), അണലി (ചേനത്തണ്ടന്‍), ഈര്‍ച്ചവാള്‍ ശല്‍ക്ക അണലി (ചുരുട്ട മണ്ഡലി) എന്നിവയ്ക്കാണു കൂടുതല്‍ വിഷമുള്ളത്. ഇവയുടെ കടിയേറ്റുള്ള മരണവും സംസ്ഥാനത്ത് കൂടുതലാണ്.

രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍, അണലി എന്നിവയ്ക്കാണ് മനുഷ്യനെ കൊല്ലാന്‍ പാകത്തിന് വിഷമുള്ളത്. രാജവെമ്പാല മാത്രമാണ് ഇക്കൂട്ടത്തില്‍ പകല്‍ സമയത്ത് ഇര തേടി പുറത്തിറങ്ങുന്നത്. രാജവെമ്പാലയുടെ കടിയേറ്റാല്‍ 25 മില്ലി വിഷം വരെ ശരീരത്തില്‍ പ്രവേശിക്കും. ഒരു ആനയെ കൊല്ലാന്‍ ഇത് ധാരാളമാണ് അല്ലെങ്കില്‍ 20 ആളുകളെ വരെ കൊല്ലാന്‍ സാധിക്കുമെന്ന് സാരം.