ഞെളിയൻപറമ്പിൽ വരുന്നു ബയോഗ്യാസ്‌ പ്ലാന്റ്

Thursday 17 July 2025 12:10 AM IST
ബയോഗ്യാസ്‌ പ്ലാന്റ്

@ പ്രത്യേക കൗൺസിലിൽ അംഗീകാരം

@ ഈ മാസം അവസാനത്തോടെ കരാർ ഒപ്പുവെക്കും

കോഴിക്കോട്‌: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി ഞെളിയൻപറമ്പിൽ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഈ മാസം അവസാനത്തോടെ കരാറിൽ ഒപ്പുവെക്കും. മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാർ, കോഴിക്കോട്‌ കോർപ്പറേഷൻ, പദ്ധതി നടപ്പാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എൽ എന്നിവർ കരാറിലെ പങ്കാളികൾ. പ്ലാന്റുമായി ബന്ധപ്പെട്ട സുരക്ഷയും ഉത്തരവാദിത്വവും കമ്പനി കാര്യക്ഷമമായി നിർവഹിക്കുന്നതിനുള്ള ഇടപെടലുകൾ ഉറപ്പാക്കിയാണ്‌ കരാറിലേക്ക്‌ നീങ്ങുന്നത്‌. ആശങ്കകൾ പരിഹരിച്ചും പിഴവുകൾ ഇല്ലാതെയും പദ്ധതിയുമായി മുന്നോട്ട്‌ പോവണമെന്ന്‌ ഇരുവിഭാഗം കൗൺസിലർമാരും അഭിപ്രായപ്പെട്ടു. 99 കോടി രൂപ ചെലവിട്ട്‌ ജൈവ മാലിന്യം സംസ്‌കരിച്ച്‌ പ്രതിദിനം ആറ്‌ ടൺ വരെ പാചകവാതകം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റാണ്‌ ഞെളിയൻ പറമ്പിൽ ബ. പി.സി.എൽ നിർമ്മിക്കുക. ഏഴ് ഏക്കർ പ്ലാന്റ് നിർമാണത്തിനായി കോർപ്പറേഷൻ നൽകും. നഗരത്തിലെ മാലിന്യം കോർപ്പറേഷൻ ഹരിതകർമസേന വഴി ശേഖരിച്ച്‌ പ്ലാന്റിലെത്തിക്കും. പ്ലാന്റിന്റെ മറ്റ്‌ നടത്തിപ്പ് ബി.പി.സി.എൽ നിർവഹിക്കും. 24 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി പ്ലാന്റ് പ്രവർത്തനം ആരംഭിക്കും. 150- ടൺ ജെെവമാലിന്യമാണ് പ്രതിദിനം സംസ്കരിക്കുക. ഉത്പാദിപ്പിക്കപ്പെടുന്ന വാതകം ഗെയിലിന്‌ വിൽക്കും. പ്ലാന്റിനോട്‌ ചേർന്ന്‌ ഫ്യുവൽ സ്‌റ്റേഷനും ഒരുക്കും. നഗരത്തിലെ എല്ലാ വാർഡുകളിലേക്കും 40 വീതവും പ്രധാന റോഡുകളിലും പൊതു ഇടത്തിലുമായി 2000 തെരുവ്‌ വിളക്കുകളും സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.

ചെലവ്

99 കോടി

'കരാർ ഒപ്പ്‌ വെയ്‌ക്കുന്നതോടെ ഞെളിയൻപറമ്പിൽ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണ നടപടികളിലേക്ക്‌ നീങ്ങും'.

കെ.യു. ബിനി, സെക്രട്ടറി , കോർപ്പറേഷൻ