മലയോരത്ത് കനത്ത മഴ, മലവെള്ളപ്പാച്ചിൽ

Thursday 17 July 2025 12:45 AM IST
മരുതോങ്കര കടന്തറ പുഴ കരകവിഞ്ഞപ്പോൾ

കോഴിക്കോട്/ കുറ്റ്യാടി: ഒരിടവേളയ്ക്കുശേഷം ജില്ലയിൽ മഴ വീണ്ടും കനത്തു. കാറ്റോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം പെയ്തതോടെ പലയിടത്തും വെള്ളംകയറി. നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളിൽ വെള്ളംകയറിയതിനാൽ ഗതാഗതം താറുമാറായി. ഗ്രാമപ്രദേശങ്ങളിൽ രാവിലെയോടെ മഴ ശക്തമായെങ്കിലും നഗരത്തിൽ ഉച്ചതിരിഞ്ഞാണ് കനത്തുപെയ്യാൻ തുടങ്ങിയത്. മലയോര മേഖലയിൽ ഭീതി വിതച്ചുപെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നു. ചിലയിടങ്ങളിൽ കൃഷിനാശമുണ്ടായി. മരങ്ങൾ കടപുഴകിയതോടെ വൈദ്യുതിബന്ധം താറുമാറായി. കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ മലയോര ഭാഗങ്ങളിൽ ശക്തമായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തൊട്ടിൽപ്പാലം പുഴയിലും കടന്തറ പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. തൊട്ടിൽപാലം - മുള്ളൻകുന്ന് റോഡിൽ ഹാജിയാർ മുക്ക് ഭാഗത്തും കല്ലുനിര ഇറക്കം കഴിഞ്ഞുള്ള ഭാഗത്തും വെള്ളം കയറി. ഇതുവഴി ഗതാഗതം ദുഷ്ക്കരമായി. മരുതോങ്കര പശുക്കടവ് പ്രക്കൻതോട് ഭാഗത്തുണ്ടായ ശക്തമായ മഴയെ തുടർന്ന് നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഴയിൽ മലയോരത്തെ മിക്ക റോഡുകളും തകർന്നനിലയിലാണ്. റോഡുകളിൽ രൂപപ്പെട്ട കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണുണ്ടാകുന്ന അപകടങ്ങളും പതിവായിട്ടുണ്ട്.