റിലയൻസ്, ജിയോ ബ്രാൻഡുകളുടെ ദുരുപയോഗം; വ്യാജ ഉത്പന്നങ്ങളെ ഡീലിസ്റ്റ് ചെയ്യണമെന്ന് കോടതി

Thursday 17 July 2025 12:47 AM IST

കൊച്ചി/ഡൽഹി: റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും വ്യാജമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ (ഡീലിസ്റ്റ് ചെയ്യാൻ) ആമസോൺ, ഫ്‌ളിപ്കാർട്ട്, മറ്റ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ എന്നിവയോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് സൗരഭ് ബാനർജിയാണ് ഉത്തരവിറക്കിയത്. റിലയൻസ്, ജിയോ ട്രേഡ്മാർക്കുകളോടെ ഉത്പന്നങ്ങൾ നിർമിക്കുകയോ വിൽക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസ് നിർമിക്കുന്ന ഉത്പന്നങ്ങളുടേതിന് സമാനമായ ബ്രാൻഡിംഗും റിലയൻസിന്റെ ആർട്ടിസ്റ്റിക് വർക്കും ഉപയോഗിക്കുന്നത് ട്രേഡ്മാർക്ക് ലംഘനമായാണ് കണക്കാക്കുന്നത്.

ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ ഉത്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നത് ബ്രാൻഡ് നെയിമുകളുടെയും ലോഗോകളുടെയും അടിസ്ഥാനത്തിലാണ്. അതിനാൽ തന്നെ യഥാർത്ഥ ബ്രാൻഡഡ് ഉത്പന്നങ്ങൾ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുമെന്നും കോടതി നിരീക്ഷിച്ചു. അഡ്വ. അൻകിത് സാഹ്നി, കൃതിക സാഹ്നി, ചിരാഗ് അലുവാലിയ, മോഹിത് മാരു തുടങ്ങിയവരാണ് റിലയൻസ് ഇൻഡസ്ട്രീസിനെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത്.