വിപണിയിൽ ഇ.വി കുതിപ്പ്;
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ വാഹനങ്ങളെ പിന്തള്ളി ഇലക്ട്രിക് വാഹനങ്ങളുടെ നിശബ്ദ കുതിപ്പ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇ വാഹനങ്ങളുടെ വിൽപ്പനയിൽ ഇരട്ടിയിലേറെ വർദ്ധനയുണ്ടായി.
പെട്രോൾ വാഹനങ്ങൾക്കാണ് ഇപ്പോഴും വിപണിയിൽ ആധിപത്യം. ഈ ആധിപത്യത്തിന് അടുത്തൊന്നും കാര്യമായ ഇടിവ് സംഭവിക്കില്ലെന്നാണ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠന റിപ്പോർട്ട് സൂചന. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സി.എൻ.ജി വാഹനങ്ങളുടെ വിപണിയിൽ ഇടിവു സംഭവിച്ചു. എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്ന 9 വാഹനങ്ങൾ കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.
ലക്ഷ്യം ഒരു ലക്ഷം
2022 വരെ പെട്രോളിനു പിന്നിൽ ഡീസൽ വാഹനങ്ങളായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരുന്നത്. 55990 ഡീസൽ വാഹനങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തപ്പോൾ 39690 ഇ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എന്നാൽ, കഴിഞ്ഞ വർഷം 56861 ഡീസൽ വാഹനങ്ങൾ പുറത്തിറങ്ങിയപ്പോൾ 86888 ഇ വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഈ വർഷാവസാനത്തോടെ ഒരു ലക്ഷത്തിൽ കൂടുതൽ ഇ വാഹനങ്ങൾ വിൽക്കപ്പെടുമെന്നാണ് വിപണിയിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.
വാഹനങ്ങൾ-- 2024-- 2023-- 2022--- 2021-- 2020
സി.എൻ.ജി -- 13,821-- 17,167-- 9,840 --- 2,798-- 101
ഇലക്ട്രിക് -- 86888--- 75813--- 39630 ---8740---- 1374
പെട്രോൾ-- 621572-- 609854--678602-- 700997-- 589444
ഡീസൽ -- 56821-- 56376-- 55990-- 53229 -- 50177
എഥനോളിൽ ലക്ഷ്യം നേടി രാജ്യം
പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ വഴി കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 20% എഥനോൾ ചേർത്ത പെട്രോൾ(ഇ 20)എത്തിക്കുന്ന ലക്ഷ്യം രാജ്യം ഏപ്രിൽ ഒന്നിന് നേടിയിരന്നു.
20% എഥനോൾ ചേർത്ത പെട്രോൾ വിൽപ്പനയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 2023ൽ ആയിരുന്നു. അന്ന് 15 നഗരങ്ങളിലാണ് വിതരണം ഉണ്ടായിരുന്നത്. 2030നുള്ളിൽ രാജ്യമാകെ ഇ 20 എന്ന ലക്ഷ്യം കൈവരിക്കാനാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും പിന്നീട് അത് 2025 ഏപ്രിൽ ഒന്നാക്കി നിശ്ചയിക്കുകയായിരുന്നു. എഥനോൾ വാഹനങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്.