നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തെ സന്ദർശിച്ച് എം.വി.ഗോവിന്ദൻ

Thursday 17 July 2025 12:05 AM IST

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെ സന്ദർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മനുഷ്യത്വവും മതനിരപേക്ഷതാ മൂല്യവുമാണ് കേരളത്തിന്റെ അടിസ്ഥാനം എന്ന സന്ദേശം ലോകത്തിന് കൈമാറാൻ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർക്ക് സാധിച്ചതായി ഗോവിന്ദൻ പറഞ്ഞു. നിമിഷപ്രിയ കേസിൽ വിധി നടപ്പാക്കുന്നുവെന്ന് വന്നപ്പോൾ കാന്തപുരം ഇടപെട്ടു. പരിചയമുള്ള മതപണ്ഡിതന്മാരുമായി സംസാരിക്കുകയും അവർ ഭരണാധികാരികളുമായി ചർച്ചചെയ്ത് വധശിക്ഷ നടപ്പാക്കുന്നത് മാറ്റുകയുമായിരുന്നു. തുടർ ചർച്ചയ്ക്കാവശ്യമായ ഇടപെടൽ നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇസ്ലാമിക നിയമപ്രകാരം പ്രായശ്ചിത്തം ചെയ്യുന്നവരെ മോചിപ്പിക്കാനാകുമെന്ന കാഴ്ചപ്പാടാണ് കാന്തപുരം പങ്കുവച്ചത്. മാനവികത ഉയർത്തിപ്പിക്കുന്ന ഇടപെടലാണിതെന്നും എല്ലാവർക്കും ആവേശം നൽകുന്ന സന്ദേശമാണ് കാന്തപുരം നൽകിയതെന്നും ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബും കൂടെയുണ്ടായിരുന്നു.