സാങ്കേതിക, ഡിജിറ്റൽ വി.സി: സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമെന്ന് ഗവർണർ
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമെന്ന് ഗവർണർ. സർവകലാശാലയിലെ പ്രോ വൈസ്ചാൻസലർ, സമീപത്തെ സർവകലാശാലയിലെ വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം താത്കാലിക നിയമനത്തിന് പരിഗണിക്കേണ്ടത്. എന്നാൽ സർക്കാർ നൽകിയ പാനൽ ഇതു പ്രകാരമല്ല.
ആക്ട് പ്രകാരം സർക്കാർ ശുപാർശ നൽകിയാലും നിയമിക്കാനാവില്ല. രണ്ടിടത്തും പി.വി.സിയില്ല. അക്കാഡമിഷ്യനല്ലാത്ത വകുപ്പ് സെക്രട്ടറിയെയും യു.ജി.സി ചട്ട പ്രകാരം നിയമിക്കാനാവില്ല. സമീപത്തെ ഏക സ്ഥിരം വി.സി ആരോഗ്യസർവകലാശാലയിലെ ഡോ.മോഹനൻ കുന്നുമ്മേലാണ്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ ആക്ട് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ അപ്പീലിൽ ഗവർണർ ചൂണ്ടിക്കാട്ടും. താത്കാലിക വി.സി നിയമനമാവാമെന്ന് ആക്ടിലുണ്ടെങ്കിലും യു.ജി.സി ചട്ടപ്രകാരം താത്കാലിക വി.സിയില്ല. രണ്ട് വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പിശകുകളുള്ള സർവകലാശാലാ ആക്ടുകൾ മാത്രം കണക്കിലെടുത്താണ്. സർക്കാരിന് വി.സി നിയമനത്തിൽ പങ്കില്ലെന്നും ഗവർണർക്ക് മേൽ ബാഹ്യസമ്മർദ്ദം പാടില്ലെന്നുമുള്ള സുപ്രീംകോടതിയുടെ ഉത്തരവുകൾ ഹൈക്കോടതി പരിഗണിച്ചിട്ടില്ല.
യു.ജി.സി ചട്ടപ്രകാരം സർവകലാശാലകളുടെ ആക്ട് ഭേദഗതി ചെയ്തിട്ടില്ല. സാങ്കേതിക സർവകലാശാലയുടെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിക്ക് പകരം എ.ഐ.സി.ടി.ഇ പ്രതിനിധിയാണ്. സർക്കാരുമായി ബന്ധമുള്ള ആരും പാടില്ലെന്നിരിക്കെ, ചീഫ്സെക്രട്ടറി സെർച്ച് കമ്മിറ്റിയംഗമാണ്. കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയുള്ള ഉത്തരവിൽ, സർക്കാരിന്റെയടക്കം ഒരു തരത്തിലുള്ള ഇടപെടലും വി.സി നിയമനത്തിലുണ്ടാവരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും അപ്പീലിലുണ്ടാവും. ഡോ.സിസാതോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവരാണ് ഹൈക്കോടതി ഉത്തരവിലൂടെ പുറത്തായത്.
ഗവർണർക്കായി
അറ്റോർണിജനറൽ
അപ്പീലിൽ ഗവർണർക്കായി അറ്റോർണിജനറൽ ആർ.വെങ്കിട്ടരമണി ഹാജരാവും. ഇന്ന് ഡൽഹിയിൽ അറ്റോർണിജനറലുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. യു.ജി.സിയെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തെയും കക്ഷികളാക്കും. വി.സി നിയമനത്തിലെ നിലപാട് യു.ജി.സി കോടതിയിൽ വ്യക്തമാക്കും.