ജഡ്ജിമാരെ അധിക്ഷേപിച്ചു ആലുവ സ്വദേശി മൂന്ന് ദിവസം അഴിയെണ്ണും
കൊച്ചി: ജഡ്ജിമാരെ അധിക്ഷേപിച്ചയാളെ മൂന്നുദിവസം ജയിലിലടയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. 2,000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസം കൂടി തടവിൽ കഴിയണം. ആലുവ ആലങ്ങാട് സ്വദേശി പി.കെ.സുരേഷ്‌കുമാറിനെയാണ് (52) കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. ഫേസ്ബുക്കിലൂടെ നിരന്തരം പോസ്റ്രിട്ടായിരുന്നു അധിക്ഷേപം. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ വി.രാജവിജയരാഘവൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ശിക്ഷ നടപ്പാക്കൽ ഒരു ദിവസം മാറ്റണമെന്ന് അപേക്ഷിച്ചെങ്കിലും സുരേഷ്‌കുമാറിന്റെ മുൻകാല പ്രവൃത്തികൾ ചൂണ്ടിക്കാട്ടി കോടതി അനുവദിച്ചില്ല. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
2024 മാർച്ചിലാണ് സംഭവം. ഹൈക്കോടതി ജഡ്ജിമാരെയും വിധിന്യായങ്ങളെയും വിമർശിച്ച് സുരേഷ്‌കുമാർ സമൂഹമാദ്ധ്യമത്തിൽ കുറിപ്പുകളിട്ടു. മുമ്പ് സമാന കേസിൽ, ഇയാൾ മാപ്പുപറഞ്ഞ് ഒഴിവായിരുന്നു. അന്നത്തെ മാപ്പപേക്ഷ തന്റെ തന്ത്രം മാത്രമായിരുന്നുവെന്ന് മറ്റൊരു കുറിപ്പുമിട്ടു. വിധിന്യായങ്ങൾ പക്ഷപാതപരമാണെന്ന തോന്നലും അവ വായിച്ചുള്ള മനോവേദനയുമാണ് കുറിപ്പെഴുതാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ അറിയിച്ചു. തനിക്ക് 100- 200 ഫോളോവേഴ്സാണുള്ളതെന്നും അതിനാൽ വ്യാപകമായി പ്രചരിക്കാനിടയില്ലെന്നും വാദിച്ചു.
ചില ജഡ്ജിമാർ രാഷ്ട്രീയ, വർഗീയ സ്വാധീനത്തിന് വഴങ്ങുന്നവരാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമമാണ് ഉണ്ടായതെന്നും വ്യക്തമായ കോടതിയലക്ഷ്യമാണെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി. സർക്കാരിനായി അഡ്വ. കെ.കെ.ധീരേന്ദ്രകൃഷ്ണൻ ഹാജരായി. തിരുവനന്തപുരം സ്വദേശി അഡ്വ. കുളത്തൂർ ജയ്സിംഗാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.