തിരുവാതുക്കൽ ഇരട്ടക്കൊല : കുറ്റപത്രം സമർപ്പിച്ചു
Wednesday 16 July 2025 11:33 PM IST
കോട്ടയം : തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അസം സ്വദേശി അമിത് ഉറാങ്ങ് (24) മുൻവൈരാഗ്യത്തെ തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ ഏപ്രിൽ 22നാണ് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിജയകുമാറിന്റെ സ്ഥാപനത്തിലെ മുൻ ജോലിക്കാരനായിരുന്നു പ്രതി അമിത് ഉറാങ്ങ്. ഇയാൾ കോട്ടയം സബ് ജയിലിൽ റിമാൻഡിലാണ്. സംഭവം നടന്ന് 85 ദിവസം പൂർത്തിയാകുമ്പോഴാണ് 67 സാക്ഷികളും നൂറോളം രേഖകളും അടങ്ങിയ 750 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറൽ, മോഷണം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.