ഡെയ്‌സി പാപ്പച്ചൻ,  മനുഷ്യസ്നേഹത്തിന്റെ മാതൃസ്വരൂപം

Thursday 17 July 2025 12:37 AM IST

അടൂർ : അടൂരിന്റെ സാമൂഹിക സാംസ്‌കാരിക ആത്മീയ മണ്ഡലത്തിൽ നിരവവധി സംഭാവനകൾ നൽകിയ ഡെയ്‌സി പാപ്പച്ചന്റെ വേർപാട് നാടിന് വലിയ നഷ്ടമാകുകയാണ്. ഡോ.എസ്.പാപ്പച്ചന്റെ നേതൃമികവിൽ അടൂർ ലൈഫ് ലൈൻ ആശുപത്രി ഇന്ന് ലോകം മുഴുവൻ അറിയപ്പെടുമ്പോൾ കഴിഞ്ഞ 20വർഷമായി പാപ്പച്ചൻ ഡോക്ടർക്ക് താങ്ങും തണലുമായിരുന്നു അവർ. ലൈഫ് ലൈൻ ആതുരസേവന കേന്ദ്രം മാത്രമായിരുന്നില്ല ഡെയ്‌സി പാപ്പച്ചന്. ഭേദചിന്തകളില്ലാതെ ഓരോ ജീവനക്കാരെയും ഹൃദയത്തോട് ചേർത്തുപിടിച്ചുള്ള പ്രയാണമായിരുന്നു ആ ജീവിതം. ആശുപത്രി സങ്കേതം അവർക്ക് കുടുംബം പോലെയായിരുന്നു. ആ മാതൃവാത്സല്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും പരിലാളനങ്ങൾ ഏറ്റുവാങ്ങാൻ സാധിച്ച ജീവനക്കാർ നിറകണ്ണുകളോടെയത് സാക്ഷ്യപ്പെടുത്തുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും എന്നും മനുഷ്യനന്മയുടെ പക്ഷത്തായിരുന്നു അവർ. മാർത്തോമ സഭ കൗൺസിൽ അംഗം, അടൂർ സെന്റർ സീനിയർ സിറ്റിസൺ ഫോറം, അടൂർ ഇമ്മാനുവൽ ഇടവക സീനിയർ സിറ്റിസൺ ഫോറം എന്നിവയുടെ വൈസ് പ്രസിഡന്റ്, ഇമ്മാനുവൽ ഇടവക സേവിക സംഘം മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ അടൂരിന്റെ സാംസ്‌കാരിക ആത്മീയ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. ഡെയ്‌സി പാപ്പച്ചൻ തന്റെ ജീവിതത്തിൽ ആത്മീയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ആശുപത്രിയിലൂടെയും അല്ലാതെയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അവർ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. ഡയറക്ടർ എന്ന നിലയിൽ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹിക ബന്ധങ്ങൾക്ക് ഏറെ പ്രധാന്യം നൽകിയിരുന്നു. ആതുര സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇന്ന് ലൈഫ് ലൈന്റെ ഭാവിയായി മാറുന്ന ഡോ.സിറിയക് പാപ്പച്ചന്റെയും മാത്യു പാപ്പച്ചന്റെയും മാതാവെന്ന നിലയിലും ആ മാതൃത്വം എന്നും സ്മരിക്കപ്പെടും. മനുഷ്യസ്നേഹത്തിന്റെ പ്രവാഹമായി ഡെയ്‌സി പാപ്പച്ചന്റെ ജീവിതം എന്നും അടൂരിന്റെ സാമൂഹിക ചരിത്രത്തോട് ചേർന്ന് നിൽക്കും.