ഭീഷണിയുണ്ടെങ്കിൽ സിൻഡിക്കേറ്റ് അംഗം വിശദാംശം നൽകണം
Wednesday 16 July 2025 11:58 PM IST
കൊച്ചി: കേരള സർവകലാശാലയിലെ പ്രതിഷേധങ്ങളുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ നൽകിയ ഹർജിയിൽ ഉത്തരവിന് തയ്യാറാകാതെ ഹൈക്കോടതി. ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന വാദത്തിന്റെ പേരിൽ നടപടിയെടുക്കാനാകില്ലെന്ന് ഹർജി പരിഗണിക്കവേ ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ മാത്രമേ പൊലീസ് സംരക്ഷണത്തിന് ഉത്തരവിടാനാകൂ. അങ്ങനെ ഉണ്ടായെങ്കിൽ അത് എന്ന് എപ്പോൾ എന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാമെന്ന് ഹർജിക്കാരൻ അറിയിച്ചതിനെ തുടർന്ന് ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.