ക്ഷീര സംരംഭകർക്ക് വൈദ്യുതി ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡെയറിഫാമുകൾക്കും പാലുത്പന്ന യൂണിറ്റുകൾക്കും വൈദ്യുതിനിരക്കിൽ വൻ ഇളവ് ലഭിക്കും. വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള നടപടികളും ലളിതമാകും. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ വർഷം നൽകിയ താരിഫ് പരിഷ്കരണ ഉത്തരവ് അനുസരിച്ചാണ് ഈ വർഷം ഏപ്രിൽ മുതൽ ക്ഷീര സംരംഭങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്.
കാർഷിക ആഭിമുഖ്യമുള്ള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ക്ഷീരകർഷകരുടെയും ക്ഷീര സംഘങ്ങളുടെയും ദീർഘകാല ആവശ്യമായ വൈദ്യുതി നിരക്കിളവിന് തീരുമാനമുണ്ടായത്. ഇതുവരെ കെ.എസ്.ഇ.ബിയുടെ താരിഫ് വിഭാഗത്തിൽ എൽ.ടി.7ബി.വിഭാഗത്തിലായിരുന്നു ക്ഷീരസംഘങ്ങളും സംരംഭങ്ങളും. അതനുസരിച്ച് അവർക്ക് 1000 വാട്ട് കണക്ടഡ് ലോഡിന് മാസം 65രൂപ ഫിക്സഡ് ചാർജ്ജും വൈദ്യുതി ഉപഭോഗത്തിന് ആദ്യ 100 യൂണിറ്റിന് 5.35രൂപയും 200യൂണിറ്റ് വരെ 6.20രൂപയും 300യൂണിറ്റിന് 6.80രൂപയുംവീതം ചാർജ്ജ് നൽകണമായിരുന്നു.
കാർഷിക വൈദ്യുതി താരിഫിലേക്ക് മാറ്റുന്നതോടെ അവർ താരിഫ് വിഭാഗത്തിൽ എൽ.ടി.5.ബി. വിഭാഗത്തിലായി. അതോടെ വൈദ്യുതി നിരക്ക് 1000 വാട്ട് കണക്ടഡ് ലോഡിന് ഫിക്സഡ് ചാർജ്ജ് 30രൂപയായി കുറയും. നിരക്ക് യൂണിറ്റിന് 3.40രൂപ എന്ന ഒറ്റനിരക്ക് നൽകിയാൽ മതിയാകും. സംഭരണ,ശീതീകരണ സൗകര്യങ്ങളുള്ള ഡെയറി ഫാമുകൾക്ക് പുറമെ കർഷകരിൽ നിന്ന് പാൽ ശേഖരിച്ച് മൊത്തമായി സംസ്‌കരണ യൂണിറ്റുകളിലേക്ക് വിൽക്കുന്ന പ്രാഥമിക ക്ഷീരോത്പാദക സഹകരണ സംഘങ്ങളും,ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങളും,കണക്ടഡ് ലോഡിന്റെ 10 ശതമാനം കവിയാത്ത ചില്ലറ വില്പനശാലകളും കാർഷികതാരിഫിന്റെ പരിധിയിൽ വരും.
പ്രത്യേകം അപേക്ഷ
ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനായി കർഷകരും സംരംഭകരും കെ.എസ്.ഇ.ബിക്ക് പ്രത്യേക അപേക്ഷ നൽകി കണക്ഷൻ വാണിജ്യവിഭാഗത്തിൽ നിന്ന് കാർഷിക വിഭാഗത്തിലേക്ക് മാറ്റണം.കൃഷി വകുപ്പിൽ നിന്നോ,മൃഗസംരക്ഷണവകുപ്പിൽ നിന്നോ ഉള്ള പ്രത്യേക രേഖയും വേണ്ടിവരും.
'സംസ്ഥാനത്തെ സഹകരണ ക്ഷീര പ്രസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു ഇത്. ഈ നടപടി ക്ഷീരമേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടും"
-കെ.എസ്.മണി,മിൽമ ചെയർമാൻ.
'കാർഷിക മേഖലയിൽ വൻ കുതിപ്പുണ്ടാക്കാനും ക്ഷീര ഉത്പാദന രംഗത്ത് സ്വയംപര്യാപ്തനേടുന്നതിനായി ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി."
-ജെ.ചിഞ്ചുറാണി,ക്ഷീരവികസന,മൃഗസംരക്ഷണ വകുപ്പ് മന്ത്രി.