മായില്ല പത്മശോഭ... നിലയ്ക്കില്ല പത്മരാഗം...
കൊല്ലം: കോൺഗ്രസിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ സ്നേഹസൂര്യനായിരുന്നു സി.വി.പത്മരാജൻ. അദ്ദേഹം പെട്ടെന്ന് യാത്ര പറഞ്ഞെങ്കിലും മനസിൽ നിന്ന് മായില്ല. പ്രത്യേകിച്ച് കൊല്ലത്തുകാരുടെ ഹൃദയങ്ങളിൽ സ്നേഹനക്ഷത്രമായി, ശരിപക്ഷ രാഷ്ട്രീയത്തിന്റെ വിളക്കുമരമായി അദ്ദേഹം തുടരും.
വിദ്യാർത്ഥിയായിരിക്കെ സമരഭൂമിയിൽ നിറയുമ്പോഴും അദ്ദേഹം പഠനത്തിൽ പിന്നിൽ പോയില്ല. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശേരി എസ്.ബി കോളേജിൽ ഇന്റർമീഡിയേറ്റിന് പഠിക്കവേ ദേശീയപ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് നടന്നുകയറി. തുടർന്ന് തിരുവനന്തപുരം എം.ജി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിന് പിന്നാലെ പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. മൂന്ന് വർഷത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷം എറണാകുളം, തിരുവനന്തപുരം ലാ കോളേജുകളിലായി നിയമ വിദ്യാഭ്യാസം. കൊല്ലം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിനിടയിലും ശ്രദ്ധേയനായ അഭിഭാഷകനായി. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ്, കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, 1968 മുതൽ 2024 വരെ കൊല്ലം അർബൻ ബാങ്ക് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
25 ദിവസം ആക്ടിംഗ് മുഖ്യമന്ത്രി
1992ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ 25 ദിവസമാണ് അദ്ദേഹം ആക്ടിംഗ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. ലീഡറെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്രയാക്കാൻ ഡൽഹി വിമാനത്താവളത്തിൽ ചെന്നപ്പോഴാണ് ചുമതല കൈമാറിയ കാര്യം ലീഡർ പത്മരാജനെ അറിയിച്ചത്. മുഖ്യമന്ത്രിയിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളോടെയുമാണ് ചുമതല കൈമാറിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാൻ അന്ന് പത്മരാജന് കഴിഞ്ഞു.
കൊല്ലം തീരദേശ പാതയുടെ ശില്പി
ഇപ്പോൾ സ്ഥലമേറ്റെടുപ്പ് നടക്കുന്ന തീരദേശ ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സി.വി.പത്മരാജനാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പരവൂർ മുതൽ കൊല്ലം വരെ ഇപ്പോഴുള്ള തീരദേശപാത നിർമ്മിച്ചത്.