അദ്ധ്യാപക ഡയറക്ട് പേയ്മെന്റിലെ ആദ്യ ഗുണഭോക്താവ്

Thursday 17 July 2025 12:31 AM IST

കൊല്ലം: ചങ്ങനാശേരി സെന്റ് ബർക്ക്മെൻസ് കോളേജാണ് സി.വി.പത്മരാജനെന്ന രാഷ്ട്രീയക്കാരനെ സൃഷ്ടിച്ചത്. ഇന്റർമീഡിയറ്റിനാണ് അവിടെ പഠിച്ചത്. കെ.കെ.കുമാരപിള്ള, പുതുപ്പള്ളി ദാമോദരൻ നായർ എന്നിവരായിരുന്നു അവിടുത്തെ സ്റ്റുഡന്റ്സ് കോൺഗ്രസ് നേതാക്കൾ. സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്നു സ്റ്റുഡന്റ്സ് കോൺഗ്രസ്. സ്റ്റുഡന്റ്സ് കോൺഗ്രസിൽ എ.സി.ജോസ് പ്രസിഡന്റും കെ.ബാലകൃഷ്ണൻ (കൗമുദി) വൈസ് പ്രസിഡന്റും കെ.ഗോപിനാഥൻ നായർ സെക്രട്ടറിയുമായിരുന്നു ആ കാലഘട്ടം. അവരിൽ ആകൃഷ്ടനായിട്ടാണ് സി.വി.പത്മരാജനും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്. സ്റ്റേറ്റ് കോൺഗ്രസിന്റെ സമരങ്ങളിൽ പങ്കെടുത്തു. അതുകൊണ്ടുതന്നെ ഡിഗ്രിക്ക് അവിടെ അഡ്മിഷൻ ലഭിച്ചില്ല. കൊല്ലത്ത് നിന്ന് വി.ഗംഗാധരന്റെ കത്തുമായി കളത്തിൽ വേലായുധൻ നായരെ കണ്ടപ്പോഴാണ് തിരുവനന്തപുരം എം.ജി കോളേജിൽ ബിരുദ പഠനത്തിന് അഡ്മിഷൻ ലഭിച്ചത്. അതും കോളേജിന്റെ ആദ്യ ബാച്ചിൽ. ബിരുദ പരീക്ഷ പാസായി ഒരാഴ്ചയ്ക്കുള്ളിൽ അദ്ധ്യാപകനായി ജോലി കിട്ടി. ആദ്യം പഠിച്ച പരവൂർ കോട്ടപ്പുറം സ്കൂളിലായിരുന്നു നിയമനം. സ്കൂൾ അദ്ധ്യാപകർക്ക് ഡയറക്ട് പേയ്മെന്റ് ലഭിച്ച ആദ്യ ഗുണഭോക്താക്കളിൽ ഒരാളായതും അവിടെവച്ചാണ്.