സൗമ്യരാഷ്ട്രീയത്തിന്റെ മുഖം: സതീശൻ

Thursday 17 July 2025 1:49 AM IST

തിരുവനന്തപുരം: മാന്യവും സൗമ്യവുമായ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നുസി.വി. പത്മരാജനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിന്റെ പ്രയോക്താവായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.പി.സി.സി അദ്ധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടിയ വ്യക്തിത്വമാണ് പത്മരാജന്റേത്.

ലീഡർ കെ. കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയും പത്മരാജൻ കെ.പി.സി.സി അദ്ധ്യക്ഷനുമായിരുന്ന കാലഘട്ടത്തിന് കോൺഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ കോൺഗ്രസിന്റെ സുവർണകാലഘട്ടമായിരുന്നു അത്. കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കാലത്ത് സംഘടനാതലത്തിലേക്കും പ്രവർത്തകർക്കിടയിലേക്കും അസാമാന്യ ഊർജ്ജമാണ് പത്മരാജൻ എന്ന നേതാവ് പ്രവഹിപ്പിച്ചിരുന്നത്. കെ.പി.സി.സിക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതും പത്മരാജൻ വക്കീലിന്റെ കാലത്തായിരുന്നു.

പത്മരാജൻ സാറിന്റെ പിന്തുണ ആവോളം ലഭിച്ച ഒരാളാണ് ഞാൻ. അദ്ദേഹത്തെ പോലെ ദീർഘദർശികളും ബഹുമുഖപ്രതിഭകളുമായ നിരവധി നേതാളുടെ പിൻമുറക്കാരനാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണ്. പത്മരാജൻ വക്കീലിന്റെ വിയോഗം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.