 പാവപ്പെട്ടവന് ആനുകൂല്യ നിഷേധം -- ശ്രീചിത്രയിൽ പരാതി പ്രളയം

Thursday 17 July 2025 1:51 AM IST

ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി

തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് കാർഡിന്റെ അനുകൂല്യം ഉപയോഗിച്ചെന്ന കാരണത്താൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പാവപ്പെട്ടവർക്ക് മറ്റ് ആനുകൂല്യങ്ങൾ നിഷേധിച്ചെന്ന പരാതി കൂടുന്നു. എന്നാൽ അനങ്ങാപ്പാറ സമീപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർക്ക്.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കവടിയാർ ഹരികുമാർ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ശ്രീചിത്രയിലെ പാവങ്ങളുടെ ദുരിതം കേരളകൗമുദി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. അനീതി അവസാനിപ്പിക്കണമെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

സംഭവം പുറത്തുവന്നതോടെയാണ് കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർക്ക് ബില്ലുകൾ സഹിതമാണ് പരാതി നൽകുന്നത്.

എ.എ.വൈ റേഷൻ കാർഡുള്ളവരിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരുണ്ടെങ്കിൽ (എ കാറ്റഗറി)​ സൗജന്യ ചികിത്സയാണ്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വിദേശനിർമ്മിത സാധങ്ങൾക്ക് മാത്രം പണം നൽകണം. ഈ രോഗിക്ക് ആയുഷ്മാൻ ഭാരത് കാർഡുണ്ടെങ്കിൽ അതിന്റെ പരമാവധിയായ അഞ്ചുലക്ഷം അനുവദിക്കും. എന്നാൽ,​ ഇൻസ്റ്റിറ്റ്യൂട്ട് മറ്റ് സൗജന്യങ്ങൾ നിഷേധിക്കുകയാണ്. എ കാറ്റഗറി രോഗിക്ക് ആയുഷ്മാൻ കാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പൂർണമായും സൗജന്യ ചികിത്സ നൽകേണ്ടതാണ്.