പത്മരാജൻ വക്കീൽ അവസാന വാക്ക്
നീതിമാനായ മദ്ധ്യസ്ഥനായിരുന്നു പാർട്ടിയിൽ പത്മരാജൻ വക്കീൽ. അദ്ദേഹത്തിന്റെ വാക്ക് എപ്പോഴും അവസാന വാക്കായിരുന്നു. അങ്ങനെയൊരു ബഹുമാനം എല്ലാവരും അദ്ദേഹത്തിന് നൽകിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ പ്രതിസന്ധിഘട്ടങ്ങളിൽ ധീരമായി നയിച്ച നേതാവാണ് സി.വി. പത്മരാജൻ. പാർട്ടിയുടെ അടിത്തട്ടിൽ നിന്നു പ്രവർത്തിച്ചുവന്ന നേതാവാണ് അദ്ദേഹം. സാധാരണ പ്രവർത്തകന്റെ വികാരങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നു. സ്വന്തമായ കാഴ്ചപ്പാടും ശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഭിന്ന താത്പര്യങ്ങളും സ്വഭാവങ്ങളുമുള്ള നേതാക്കളെ അവരുടെ രീതിക്ക് അനുസരണമായി നേരിടാനും അനുനയിപ്പിച്ച് ഒരുമിച്ചുകൊണ്ടുപോകാനും ഉള്ള കഴിവ് അദ്ദേഹം എന്നും പ്രദർശിപ്പിച്ചിരുന്നു.
അടുത്തടുത്ത് രണ്ട് നേതാക്കളെയാണ് പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. ഒന്ന് തെന്നല ബാലകൃഷ്ണപിള്ള, പിന്നെ പത്മരാജൻ വക്കീൽ. രണ്ടുപേരും കൊല്ലത്തുകാരും. കോൺഗ്രസിന് ദീർഘമായ ചരിത്രമുണ്ടെങ്കിലും സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടാക്കാൻ കഴിഞ്ഞത് പത്മരാജൻ വക്കീലിനാണ്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോഴാണ് ഇന്ദിരാഭവൻ വാങ്ങിയത്. മണ്ഡലങ്ങളിൽ പോയി പിരിവെടുത്താണ് ആ സംരംഭം വിജയിപ്പിച്ചത്.
കേരളം കണ്ട ധനമന്ത്രിമാരിൽ ഒന്നാം നിരയിലാണ് പത്മരാജന്റെ സ്ഥാനം. ധനകാര്യ മാനേജ്മെന്റിൽ ഭരണകൗശലം അദ്ദേഹം പ്രകടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ധനമന്ത്രിയാകുന്നത്. ഇക്കാര്യത്തിൽ ധനകാര്യ സെക്രട്ടറി ചന്ദ്രശേഖരന്റെ സഹായം അദ്ദേഹത്തിന് ലഭിച്ചു.
ആക്ടിംഗ് മുഖ്യമന്ത്രി
കേരളം സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിൽക്കുമ്പോഴാണ് ആക്ടിംഗ് മുഖ്യമന്ത്രി പദവി അദ്ദേഹത്തിലെത്തുന്നത്. കെ. കരുണാകരൻ ചികിത്സയ്ക്കുവേണ്ടി വിദേശത്ത് പോയപ്പോഴായിരുന്നു അത്.ഒട്ടേറെ പ്രതിസന്ധികൾ ഉയർന്നുവന്ന ഘട്ടം കൂടിയായിരുന്നു. സമചിത്തതയോടെ സമർത്ഥമായി അത് അദ്ദേഹം കൈകാര്യം ചെയ്തു. പാർട്ടിതലങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്ന അതേ സാമർത്ഥ്യത്തോടെ തന്നെ ഭരണകാര്യങ്ങളും അദ്ദേഹം നിർവഹിച്ചു. ഒരു പൊട്ടിത്തെറിയും ഉണ്ടാക്കാതെ ലീഡർ തിരിച്ചുവന്നപ്പോൾ മുഖ്യമന്ത്രി പദവി തിരിച്ചുനൽകുകയും ചെയ്തു.
അടുപ്പം ഇങ്ങനെ
ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായ കാലംമുതൽ വക്കീലുമായി അടുപ്പമുണ്ട്. ഏത് കാര്യവും അദ്ദേഹവുമായി തുറന്നുസംസാരിക്കാം. നമ്മുടെ വാക്കുകളെ അത് അർഹിക്കുന്ന ഗൗരവത്തിൽ എടുക്കും.
അദ്ദേഹത്തിന് വാക്കും പ്രവൃത്തിയും രണ്ടായിരുന്നില്ല. ഒരഭിപ്രായം പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കും. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ എന്റെ പിന്നിലെ വലിയ ശക്തിയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിൽ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസത്തിന് കോട്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിപ്പോൾ. എന്നാൽ ഒരു കൊച്ചു സഹകരണ ബാങ്കിനെ കുരുവി കൂടുകൂട്ടുംപോലെയാണ് അദ്ദേഹം വളർത്തിക്കൊണ്ടുവന്നത്. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ വളർച്ച പത്മരാജൻ വക്കീലിന്റെ നിസ്വാർത്ഥ സേവനത്തിന്റെ മകുടോദാഹരണമാണ്. 52 വർഷം അദ്ദേഹം അതിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.