തിരിച്ചുവരവ് സ്വപ്നംകണ്ട് മടക്കം
കൊല്ലം: കേരളത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത് മനസിൽ നിറച്ചിരിക്കുമ്പോഴാണ് പാർട്ടിയെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്ന സി.വി.പത്മരാജൻ യാത്രയായത്. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് അദ്ദേഹത്തിന് ഏറെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പ്രായത്തിന്റെ അവശതകൾ കാരണം കുടുംബാംഗങ്ങൾ അനുവദിച്ചില്ല. പക്ഷേ, അദ്ദേഹത്തിന്റെ മനസിനും ചിന്തകൾക്കും തെല്ല് തളർച്ചയില്ലായിരുന്നു. അദ്ദേഹത്തിന്റെ മനസിൽ തിരഞ്ഞെടുപ്പ് ഓർമ്മകൾ തിളയ്ക്കുകയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ അദ്ദേഹം ഒടുവിൽ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗം ഇങ്ങനെ.
''കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മാറ്റിവച്ച് പ്രവർത്തിച്ചാൽ യു.ഡി.എഫിന് മഹാവിജയം ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഗ്രൂപ്പിന്റെ കാലമൊക്കെ കഴിഞ്ഞു. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ട്.""
കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് പറയാനുള്ളത് ?
ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. നല്ല വ്യക്തിതത്വമുള്ളവരെ പരിഗണിക്കണം. രാജ്യത്ത് മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അത് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കണം. ഒറ്റക്കെട്ടായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം.
മനസിൽ നിറഞ്ഞുനിൽക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്?
1980ലെ തിരഞ്ഞെടുപ്പ് കാലം. അന്ന് ഞാൻ കൊല്ലം ഡി.സി.സി പ്രസിഡന്റാണ്. ആർ.എസ്.പി നേതാവായ
എൻ.ശ്രീകണ്ഠൻ നായർ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ ജയിച്ച് അജയ്യനായി നിൽക്കുന്ന സമയം. അന്ന് ഞങ്ങൾ ബി.കെ.നായരെ സ്ഥാനാർത്ഥിയാക്കി. ഞങ്ങൾ ഒറ്റെക്കെട്ടായി രാപ്പകിലില്ലാതെ പ്രചാരണം നടത്തി. ശ്രീകണ്ഠൻ നായർ കൊല്ലത്ത് വീണു. ബി.കെ.നായർ വിജയിച്ചു.