പേരുപോലെ പുഞ്ചിരി
കൊല്ലം: ചിരിമായാത്ത സ്നേഹനക്ഷത്രമായിരുന്നു സി.വി.പത്മരാജൻ. ഖദർ പോലെ വിശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. അതിന് അദ്ദേഹം കണ്ട ആയിരം പൂർണ ചന്ദ്രന്മാരുടെ ശോഭയുണ്ട്. ഒരു പ്രഭാവലയം പോലെ എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം.
പ്രായത്തിന്റെ അവശതകളിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് അല്പം അകന്നുനിൽക്കുമ്പോഴും ജനസേവനത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നില്ല. ഏതാനും മാസം മുമ്പുവരെ അദ്ദേഹം ചെയർമാനായിരുന്ന കൊല്ലം അർബൻ ബാങ്കിൽ എത്തുമായിരുന്നു. അവിടെ വായ്പ കുടിശികയായവരും വായ്പ തേടിയും നിരവധി പേരുണ്ടാകും. അവരുമായെല്ലാം സംസാരിച്ച് മനസിൽ പ്രതീക്ഷയുടെ തിരി തെളിച്ചേ അദ്ദേഹം മടങ്ങുമായിരുന്നുള്ളു. പാർട്ടിയിൽ പുതിയ ചുമതലകൾ കിട്ടുമ്പോൾ കോൺഗ്രസ് നേതാക്കളെല്ലാം അദ്ദേഹത്തിന്റെ അനുഗ്രഹം നേടിയെത്തും. അവരിൽ പലർക്കും തങ്ങളുടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് കാലത്ത് സി.വി.പത്മരാജൻ നൽകിയ വലിയ പിന്തുണയുടെ ഏറെക്കഥകൾ പറയാനുണ്ടാകുമായിരുന്നു.
പലരും മന്ത്രിയാകാൻ വേണ്ടി പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കാറുണ്ട്. പക്ഷേ, അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചാണ് കെ.പി.സി.സി പ്രസിഡന്റായത്. അദ്ദേഹം പ്രസിഡന്റായിരിക്കെ പണം സ്വരൂപിച്ച് വാങ്ങിയ ഭൂമിയിലാണ് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്നത്. സംഘടനാ പ്രവർത്തനം പോലെ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഭാഗമാണ് സഹകരണരംഗം. മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം കൊല്ലം അർബൻ ബാങ്കിനെ ഉപേക്ഷിച്ചില്ല.