മഹാനുഭാവൻ: തിരുവഞ്ചൂർ
കോട്ടയം : കോൺഗ്രസിൽ പുതുതലമുറയെ വാർത്തെടുക്കാൻ അക്ഷീണം പ്രയത്നിച്ച മഹാത്മാവായിരുന്നു സി.വി.പത്മരാജൻ സാർ. നല്ല മനുഷ്യൻ, വാഗ്മി, സംഘാടകൻ, പാർലമെന്റേറിയൻ, സഹകാരി അങ്ങനെ ഏത് കുപ്പായവും ഒരേസമയം ഇണങ്ങുമായിരുന്നു. കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടെയും ബഹുമാനം അദ്ദേഹം ഒരേപോലെ പിടിച്ചുപറ്റി. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായപ്പോൾ ദീർഘകാലം ഒപ്പമുണ്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്റായപ്പോഴും അതിന് മുൻപ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയുടെ ചാർജ് വഹിച്ചപ്പോഴുമെല്ലാം താഴേക്കിടയിലെ പ്രവർത്തകരെ ചേർത്തുനിറുത്തി.
അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായപ്പോഴാണ് ഞാനടക്കമുള്ള നാലുപേരെ ജനറൽ സെക്രട്ടറിമാരാക്കാൻ അംഗീകാരം വാങ്ങിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും എം.ഐ. ഷാനവാസും, ജി. കാർത്തികേയനും ഞാനും അടങ്ങുന്ന അന്നത്തെ പുതുതലമുറയെ അദ്ദേഹം ചേർത്തുവളർത്തി. ഇന്ദിരാഗാന്ധിയുടെ അവസാന തീരുമാനങ്ങളിലൊന്ന് ഞങ്ങളുടെ ഭാരവാഹിപ്പട്ടികയിൽ ഒപ്പുവയ്ക്കുന്നതായിരുന്നു. ഒക്ടോബർ 31നാണ് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചത്. 28നാണ് അദ്ദേഹം ഇന്ദിരാഗാന്ധിയിൽ നിന്ന് ഞാനടക്കമുള്ളവരുടെ ഭാരവാഹിത്വത്തിന് അംഗീകാരം നേടിയത്.