കോൺഗ്രസിലെ സൗമ്യമുഖം: ചെന്നിത്തല

Thursday 17 July 2025 1:59 AM IST

സി.വി.പത്മരാജൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഞാനായിരുന്നു. അന്നുമുതൽ വളരെ അടുത്ത സ്നേഹബന്ധമാണുണ്ടായിരുന്നത്. ചെറുപ്പക്കാരോട്, പ്രത്യേകിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ താത്പര്യമുണ്ടായിരുന്നവർക്ക് അദ്ദേഹം എല്ലാ പ്രോത്സാഹനവും നൽകി. എല്ലാവരോടും വളരെ സ്‌നേഹ പരിലാളനയോടെയാണ് ഇടപഴകിയത്. 1978ൽ പാർട്ടിയിലുണ്ടായ പിളർപ്പിനു ശേഷം ഇരുപക്ഷത്തെയും ഒരുമിച്ചുനിറുത്താൻ പത്മരാജൻ വക്കീൽ കാണിച്ച വൈഭവം ചെറുതല്ല. ലീഡർ കെ.കരുണാകരനെയും എ.കെ.ആന്റണിയെയും തന്റെ ഇരുവശത്തുമിരുത്തിയാണ് 1982 മുതൽ പാർട്ടിയെ നയിച്ചത്. കൊല്ലം ഡി.സി.സി പ്രസിഡന്റായിരിക്കെ മന്ത്റിസഭയിലെത്തിയ പത്മരാജൻ, ആ പദവി രാജിവച്ചാണ് പാർട്ടി നേതൃത്വം ഏറ്റെടുത്തത്. പാർട്ടിയിൽ താഴേത്തട്ടിൽനിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനം കെ.പി.സി.സി പ്രസിഡന്റ്, മന്ത്റി, ആക്ടിംഗ് മുഖ്യമന്ത്റി തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി. അദ്ധ്യാപകനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും പ്രൊഫഷണൽ രംഗത്തും മികവുപുലർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ മാസം 22ന് സി.വി.പത്മരാജന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ.ബേബിസണിന്റെ നേതൃത്വത്തിലുള്ള സംഘാടകർ എന്നെ വന്നുകണ്ട് ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുക്കാനിരിക്കെയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. സി.കേശവൻ, ആർ.ശങ്കർ, സി.എം.സ്റ്റീഫൻ, എ.എ.റഹിം തുടങ്ങിയ തലമുതിർന്ന നേതാക്കളുടെ തട്ടകമായ കൊല്ലത്ത് കോൺഗ്രസ് പ്രസ്ഥാനം പടുത്തുയർത്തുന്നതിനു നിർണായക നേതൃത്വം വഹിച്ചിട്ടുള്ള പിന്മുറക്കാരനാണു പത്മരാജൻ.