ഒരു കിലോ നത്തോലി വിറ്റത് 15 രൂപയ്ക്ക്; മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന് 180 രൂപ, ചെല്ലാനത്ത് ചാകരക്കാലം
കൊച്ചി: ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽ വീണ്ടും ചെമ്മീൻ ചാകര. മുന്നാഴ്ചയായി ഹാർബറിൽ നിന്ന് കടലിൽ പോകുന്ന ഒട്ടുമിക്ക വള്ളങ്ങൾക്കും നത്തോലിയ്‌ക്കൊപ്പം വലിയ തോതിൽ പൂവാലൻ ചെമ്മീൻ കിട്ടുന്നതായി തൊഴിലാളികൾ പറയുന്നു. ഒരു കിലോഗ്രാം നത്തോലി 15 മുതൽ 30 രൂപ നിരക്കിലാണ് ഹാർബറിൽ വിറ്റുപോകുന്നത്.
ഒരു കിലോഗ്രാം ചെമ്മീനിന് 180 രൂപ വരെ ലഭിക്കുന്നുണ്ട്. മഴക്കാലത്ത് മത്സ്യത്തൊളിലാളികൾക്ക് കൂടുതൽ മത്സ്യം കിട്ടുന്നു. ട്രോളിംഗ് നിരോധന സമയമായതിനാൽ ഇവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് വൻ ഡിമാൻഡാണ്. ആലപ്പുഴ, കൊച്ചി മേഖലയിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നത്. പോയ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മത്സ്യലഭ്യത കൂടിയിട്ടുണ്ടെന്നും തൊഴിലാളികൾ പറയുന്നു. മഴക്കാലം തുടങ്ങിയത് മുതൽ തരക്കേടില്ലാത്ത രീതിയിൽ ഇവർക്ക് മത്സ്യം ലഭിക്കുന്നുണ്ട്.
രണ്ടാഴ്ച മുൻപാണ് ചെല്ലാനം തീരക്കടലിൽ നത്തോലി ചാകരയെത്തിയത്. മൺസൂൺ സമയത്ത് വൻ തോതിൽ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ച് കാലമായി ലഭ്യത തീരെ കുറവായിരുന്നു. എന്നാൽ ഇക്കുറി എത്തിയ നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്. ടൺ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്. കൊച്ചി മേഖലയിൽ ലഭിച്ച ഭൂരിഭാഗം നത്തോലിയും മത്സ്യത്തീറ്റ നിർമ്മാണ ഫാക്ടറിയിലേക്കാണ് പോയത്. ചെറിയൊരു ഭാഗം മാത്രമാണ് പൊതുമാർക്കറ്റുകളിൽ എത്തിയത്.