'വൻ ഗതാഗതക്കുരുക്ക്, ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായില്ല'; പാലിയേക്കര ടോൾ ബൂത്തിൽ പ്രതിഷേധം

Thursday 17 July 2025 10:56 AM IST

തൃശൂർ: പാലിയേക്കര ടോൾ ബൂത്തിൽ പ്രതിഷേധവുമായി എൻടിസി ഗ്രൂപ്പ് എംഡി വർഗീസ് ജോസ്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളമാണ് വർഗീസ് ഉൾപ്പെടെയുള്ളവർ പാലിയേക്കര ടോൾ ബൂത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടന്നത്.

ഇന്നലെ ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി പേരാമ്പ്രയിലേക്ക് പോകുകയായിരുന്നു വർഗീസും ബന്ധുക്കളും. ടോൾ അടച്ചിട്ടും രണ്ട് മണിക്കൂർ ഗതാഗതക്കുരുക്കിൽ കിടക്കേണ്ടിവന്നതിനാൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. മടങ്ങിയെത്തിയ ശേഷമാണ് വർഗീസ് ജോസ് ടോൾ പ്ലാസയിൽ പ്രതിഷേധിച്ചത്.

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ജൂലായ് ഒമ്പതിന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളിൽ കാര്യമില്ല. ദേശീയപാത അതോറിറ്റിക്ക് ഗുരുതര അലംഭാവമാണെന്നും കോടതി വിമർശിച്ചിരുന്നു. ഒരാഴ്‌ചയ്‌ക്കകം പ്രശ്‌നം പരിഹരിക്കാമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.