കോടതിയുടെ നിർദേശങ്ങൾ പാലിച്ചില്ല, സത്യം വിജയിക്കും; കേസിനെക്കുറിച്ച് പ്രതികരിച്ച് നിവിൻ പോളി
കൊച്ചി: തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. കഴിഞ്ഞ ജൂൺ 28 മുതൽ ഈ തർക്കം കോടതി നിർദേശിച്ച മദ്ധ്യസ്ഥതയിലാണ് നടക്കുന്നതെന്നും രഹസ്യാത്മകത ഉറപ്പാക്കണമെന്ന ഉത്തരവ് നിൽനിൽക്കുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
കോടതിയുടെ നിർദേശങ്ങൾ പാലിക്കാതെയും നിലവിലുള്ള മദ്ധ്യസ്ഥ നടപടികൾ മറച്ചുവെച്ചും വസ്തുതകൾ വളച്ചൊടിച്ചും പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിവിൻ പോളി വ്യക്തമാക്കി. ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സത്യം വിജയിക്കുമെന്നും അദ്ദേഹം കുറിച്ചു.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ പരാതി നൽകിയത്. ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കോട്ടയം തലയോലപ്പറമ്പ് പൊലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ കലാശിച്ചതെന്നാണ് വിവരം.
'മഹാവീര്യർ' എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം.
കൂടാതെ നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു2 എന്ന പുതിയ ചിത്രത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു കോടി 90 ലക്ഷം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ ഘട്ടത്തിൽ മറ്റൊരു സ്ഥാപനത്തിന് ചിത്രത്തിന്റെ വിതരണാവകാശമടക്കം നൽകിയെന്നും അങ്ങനെയാണ് ഒരു കോടി 90 ലക്ഷം രൂപ നഷ്ടമായതെന്നും പരാതിയിൽ പറയുന്നു.