ഷീറ്റിൽ നിന്ന് തെറ്റി മിഥുൻ വൈദ്യുത ലൈനിലേക്ക്; അപകടത്തിന് കാരണം ഷെഡ് നിർമ്മാണമോ? റിപ്പോർട്ട് തേടി മന്ത്രിമാർ

Thursday 17 July 2025 1:12 PM IST

കൊല്ലം: സ്കൂൾ കെട്ടിടത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കുട്ടിയുടെ ചെരുപ്പ് വീഴുകയായിരുന്നു. അതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈൻ താഴ്‌ന്ന് കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി മിഥുൻ ഈ വൈദ്യുതി ലൈനിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു.

സ്കൂൾ മെെതാനത്തിന് മുകളിലൂടെ പോകുന്ന വെെദ്യുതി ലെെനിനോട് ചേർന്ന് തകരഷീറ്റിൽ സെെക്കിൾ ഷെഡ് നിർമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. മെെതാനത്തോട് ചേർന്നുള്ല സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സെെക്കിൽ ഷെഡ് നിർമിച്ചിരുന്നത്. മെെതാനത്തിന് മുകളിലൂടെ വെെദ്യുതി ലെെൻ വലിച്ചിട്ട് വർഷങ്ങളായി. പക്ഷേ അടുത്തിടെയാണ് ഷെഡ് നിർമിച്ചത്. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാൻ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജീനിയർക്കും ചീഫ് ഇലക്ട്രിക് ഇൻസ്‌പെക്ടർക്കും അന്വേഷിക്കാൻ ഉത്തരവ് നൽകി. രണ്ട് മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

40 വർഷമായി അവിടെ വെെദ്യുതി ലെെനുണ്ടെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ലെെൻ താഴെ വീഴാതിരിക്കാൻ സുരക്ഷാ മുൻകരുതൽ എടുത്തിട്ടുണ്ട്. എട്ടുവർഷം മുൻപാണ് ഷെഡ് നിർമിച്ചത്. അതിന് കെഎസ്ഇബിയുടെ അനുമതി വാങ്ങിയില്ല. ഷെഡിലേക്ക് ആരും ഇറങ്ങാതിരിക്കാൻ ജനൽ പലകവച്ച് സ്കൂൾ അധികൃതർ അടിച്ചിരുന്നു. രണ്ടുദിവസം മുൻപ് അസിസ്റ്റന്റ് എൻജിനീയർ അപകടം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.