'ദുഷ്‌പ്രചാരണം ആസൂത്രിതം'
കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിതമായ ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ മെത്രാൻ സമിതിയുടെ ജാഗ്രത കമ്മിഷൻ
ആവശ്യപ്പെട്ടു. വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ പ്രചാരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. മനുഷ്യസഹജമായ ചെറിയ പിഴവുകളെ പർവതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും നടത്തുന്ന പ്രചാരണങ്ങൾ മാതൃകാപരമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നവിധത്തിൽ പങ്കിടുന്നുണ്ട്. സേവനം നൽകുന്ന സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ തെയഡോഷ്യസ് പറഞ്ഞു. വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാദ്ധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കുമെന്നപോലെ ക്രൈസ്തവ സ്ഥാപനങ്ങൾക്കുമുണ്ട്. അത്തരം പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും സന്നദ്ധമാണെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.