മെട്രോ ഭൂ ഗർഭപാത അനന്തമായി നീളും മൂന്നാം ഘട്ടത്തിന്റെ ഡി.പി.ആറും നീളും

Friday 18 July 2025 12:06 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കൽ അനന്തമായി നീളുന്നതോടെ, ഭൂഗർഭപാതയുടെയും സ്റ്റേഷന്റെയും ഭാവി അനിശ്ചിതത്വത്തിൽ. ആലുവ മുതൽ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. അങ്കമാലിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഒരു ഉപപാതയുമുണ്ട്. ഉപപാതയിലെ അവസാന സ്റ്റേഷനായ വിമാനത്താവളത്തിലേക്കാണ് ഭൂഗർഭപാത പരിഗണിച്ചിരുന്നത്. മൂന്നാം ഘട്ടത്തിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും ഇതെന്നായിരുന്നു സൂചനകൾ.

വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടമാകാതെ സ്റ്റേഷൻ നിർമ്മിക്കണമെന്നായിരുന്നു സിയാലിന്റെ ആവശ്യം. ഡി.പി.ആർ തയ്യാറാക്കാനുള്ള ചുമതലയിൽനിന്ന് റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്‌സ് സർവീസ് എന്ന ഏജൻസിയെ ഒഴിവാക്കിയതോടെ ഭൂഗർഭ പാത ഉൾപ്പെടെയുള്ളവ അനിശ്ചിതത്വത്തിലാണ്. റൂട്ട്, ഏറ്റെടുക്കേണ്ട സ്ഥലം, പദ്ധതിച്ചെലവ്, എത്രനാൾ കൊണ്ട് പൂർത്തീകരിക്കാനാകും ആളുകളെ ഒഴിപ്പക്കേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങളടങ്ങിയ ഡി.പി.ആർ ആണ് സമർപ്പക്കേണ്ടിയിരുന്നത്.

ഡി.പി.ആർ എവിടെയുമെത്തിയില്ല പുതിയതായി ടെൻഡർ ക്ഷണിച്ചെങ്കിലും അധികം ഏജൻസികളൊന്നും താത്പര്യം കാണിച്ചില്ല. ആരെങ്കിലും എത്തിയാൽ അവർക്ക് മുമ്പിൽ ഭൂഗർഭപാത പദ്ധതി ഉൾപ്പെടെ അവതരിപ്പിക്കണം. അതിനനുസരിച്ച് പദ്ധതി രേഖ സമർപ്പിക്കുകയും വേണം. വിദഗ്ദ്ധർ ഡി.പി.ആർ പരശോധിച്ച് മാറ്റങ്ങളുണ്ടെങ്കിൽ അതിനുശേഷം അന്തിമ തീരുമാനത്തിന് താമസമെടുക്കും.

സിയാലിനുള്ളലേക്ക് എങ്ങനെ ഭൂഗർഭപാതയെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഭൂഗർഭപാത കൂടി ഉൾപ്പെടുത്തുമ്പോൾ പ്രതീക്ഷിക്കുന്ന ചെലവിലെ വ്യത്യാസവും പരിഗണിക്കപ്പെടും. ഇതോടെ പദ്ധതി അനന്തമായി നീളാനാണ് സാദ്ധ്യത. 2024ൽ കെ.എം.ആർ.എൽ. എം.ഡി. ലോക്‌നാഥ് ബെഹ്റയാണ് ഭൂഗർഭപാത സംബന്ധിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നത്.

വിവരങ്ങൾ പങ്കുവെക്കാതെ കെ.എം.ആർ.എൽ. മൂന്നാം ഘട്ടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആർ. തയ്യാറാക്കൽ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പുറത്തുവിട്ടിട്ടില്ല. എത്ര ഏജൻസികൾ ഡി.പി.ആർ. തയ്യാറാക്കാൻ താത്പര്യം അറിയിച്ചുവെന്നോ ആരെയാണ് ചുമതലപ്പെടുത്തുകയെന്നോ തുടങ്ങിയ വിവരങ്ങളൊന്നും കെ.എം.ആർ.എൽ. പങ്കുവയ്ക്കുന്നില്ല.