സ്വച്ഛ് സർവേക്ഷൻ ദേശീയ റാങ്കിംഗിൽ ഒന്നാമത് കൊച്ചി ദേശീയ റാങ്കിംഗിൽ 50-ാമത്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയുടെ ഒൻപതാം പതിപ്പായ സ്വച്ഛ് സർവേക്ഷൻ 2024 പ്രകാരം സംസ്ഥാനത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി കൊച്ചി നഗരസഭയെ തിരഞ്ഞെടുത്തു. ദേശീയ തലത്തിൽ 50-ാം സ്ഥാനവും കൊച്ചിക്ക് ലഭിച്ചു. 416-ാം സ്ഥാനത്ത് നിന്നാണ് നേട്ടം. സ്വച്ഛ് സർവേക്ഷൻ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിലെ ഒരു നഗരം ദേശീയതലത്തിൽ 50-ാം സ്ഥാനത്തെത്തുന്നത്.
2024ൽ നാല് പ്രധാന ഘടകങ്ങളായിരുന്നു സർവേയുടെ മാനദണ്ഡം. ആദ്യത്തെ രണ്ട് ഘടകങ്ങളിൽ നഗരശുചിത്വം സംബന്ധിച്ച് പൗരന്മാരിൽ നിന്ന് ലഭ്യമാക്കിയ പൊതുജനാഭിപ്രായമാണ് ഉൾപ്പെട്ടത്. മാലിന്യ സംസ്‌കരണ സൗകര്യങ്ങളുടെ വിലയിരുത്തലാണ് മൂന്നാമത്തെ ഘടകം. നാലാം ഘട്ടം നേരിട്ടുള്ള ഫീൽഡ് പരിശോധന. ശുചിത്വം, നഗരസൗന്ദര്യവൽക്കരണം, ജൈവഅജൈവ മാലിന്യ സംസ്‌കരണം, മലിനജല സംസ്‌കരണം തുടങ്ങിയ ഘടകങ്ങൾ പരിശോധനയിൽ ഉൾപ്പെട്ടിരുന്നു.
ബ്രഹ്മപുരത്ത് ഉയരുന്ന സി.ബി.ജി പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങുതോടെ ശുചിത്വ കാര്യത്തിൽ നഗരം ഇനിയും മുന്നേറുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ മറ്റ് നഗരങ്ങളെക്കാൾ മുന്നിലെത്തുന്നതിന് കൊച്ചിയെ സഹായിച്ചത് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പദ്ധതികളാണെന്ന് നഗരസഭ അറിയിച്ചു. ബ്രഹ്മപുരത്തെ ബയോമൈനിംഗ് പൂർത്തീകരണ ഘട്ടത്തിലാണ്. 100 ടൺ ശേഷിയുള്ള ബി.എസ്.എഫ്. പ്ലാന്റ്, ബോട്ടിൽ ബൂത്തുകൾ, ആർ.ആർ.എഫ്. പ്ലാന്റുകൾ, കണ്ടെയ്‌നർ എം.സി.എഫുകൾ എന്നിവയും മാലിന്യ സംസ്‌കരണ രംഗത്തെ മാതൃകകളാണ്. വില്ലിംഗ്ടൺ ഐലൻഡ്, എളംകുളം തുടങ്ങിയ സ്ഥലങ്ങളിലെ എഫ്.എസ്.ടി.പി., കലൂർ മണപ്പാട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഒ.ഡബ്ല്യു.സി. പ്ലാന്റ് തുടങ്ങിയവയും പരിശോധിച്ചിരുന്നു.
നഗരസഭയ്ക്ക് ലഭിച്ച അംഗീകാരത്തിന് പിന്നിൽ നിരവധിപേരുടെ കഠിന പ്രയത്‌നമുണ്ട്.
അഡ്വ.എം. അനിൽകുമാർ മേയർ